വോട്ടെടുപ്പ് ദിനത്തിലും എതിർ സ്ഥാനാർത്ഥികളോട് ഇടഞ്ഞുതന്നെയായിരുന്നു പി.വി.അൻവർ. ബൂത്ത് സന്ദർശനത്തിനിടെ സൗഹൃദം പ്രകടിപ്പിക്കാൻ അടുത്തുവന്ന ആര്യാടൻ ഷൗക്കത്തിനോട് തന്നെ കെട്ടിപ്പിടിക്കരുത് എന്ന് അൻവർ ആവശ്യപ്പെട്ടു. അഭിനയിക്കാൻ അറിയില്ലെന്നും ഷൗക്കത്തിൻ്റെ സ്നേഹം ധൃതരാഷ്ട്രാലിംഗനം പോലെയാണെന്നായിരുന്നു അൻവറിൻ്റെ പ്രതികരണം. അതേസമയം മറ്റൊരു ബൂത്തിൽവച്ച് തമ്മിൽക്കണ്ട എം.സ്വരാജും ആര്യാടൻ ഷൗക്കത്തും സൗഹൃദം പങ്കിട്ട് പരസ്പരം ആശംസകൾ നേർന്നാണ് പിരിഞ്ഞത്.
നിലമ്പൂർ മാനവേദൻ സ്കൂളിലെ ബൂത്തിന് സമീപമായിരുന്നു ഇരു സ്ഥാനാർത്ഥികളുടേയും കണ്ടുമുട്ടൽ നാടകീയ സന്ദർഭമായത്. ചിരിച്ചുകൊണ്ട് അടുത്തേക്കുവന്ന ആര്യാടൻ ഷൗക്കത്തിനെ പി.വി.അൻവർ തന്നെ കെട്ടിപ്പിടിക്കരുതെന്ന് വിലക്കി. അതോടെ ഷൗക്കത്ത് കൈ നീട്ടി, കൈ കൊടുത്തെന്ന് വരുത്തിയശേഷം പിൻവലിച്ച് കൈകെട്ടി നിന്ന അൻവർ ക്യാമറ ഫ്രെയിമുകളിൽ നിന്ന് പിന്നോട്ടൊഴിഞ്ഞു. ഷൗക്കത്തും ക്യാമറകൾക്ക് മുന്നിൽ ചിരിച്ചൊഴിവായി.
ആര്യാടൻ ഷൗക്കത്തിനൊപ്പം സൗഹൃദത്തിൻ്റെ ശരീരഭാഷയിൽ ചേർന്നുനിൽക്കുന്ന ഒരു വാർത്താചിത്രമോ വീഡിയോയോ പി.വി.അൻവർ ആഗ്രഹിക്കുന്നില്ല. അത് തുറന്നുപറയുകയും ചെയ്തു.ആര്യാടൻ ഷൗക്കത്തിന്റെ സ്നേഹം ധൃതരാഷ്ട്രാലിംഗനം പോലെയെന്നായിരുന്നു മുൻ എംഎൽഎയുടെ പ്രതികരണം.
എന്നാൽ ഈ കൂടിക്കാഴ്ചയ്ക്ക് മുമ്പ് വീട്ടികുത്ത് ജിഎൽപിഎസിൽ ബൂത്ത് സന്ദർശനത്തിനിടെ എം.സ്വരാജും ആര്യാടൻ ഷൗക്കത്തും തമ്മിൽക്കണ്ടപ്പോൾ പരസ്പരം ആശ്ലേഷിച്ചും ആശംസ പറഞ്ഞുമാണ് പിരിഞ്ഞത്. തനിക്ക് ഷൗക്കത്തിനേയും സ്വരാജിനേയും പോലെ അഭിനയിക്കാനറിയില്ലെന്ന് അൻവർ പറഞ്ഞു.
താൻ പച്ചമനുഷ്യർക്കൊപ്പം നിൽക്കുന്നയാളാണ്.സ്ഥാനാർഥികൾ തമ്മിൽ സൗഹൃദമുണ്ടാകണം, എന്നാൽ ആത്മാർഥമായിരിക്കണം, പിന്നിൽ കൂടി പാരവയ്ക്കരുത്. അൻവർ കൂട്ടിച്ചേർത്തു. വിജയപ്രതീക്ഷയെക്കുറിച്ച് ചോദിക്കുമ്പോഴും അൻവറിന്റെ മറുപടി പതിവ് ശൈലിയിൽ. താൻ നിയമസഭയിലേക്ക് തന്നെ. തെരഞ്ഞെടുപ്പിന് ശേഷം ഷൗക്കത്ത് സിനിമയ്ക്ക് കഥയെഴുതാനും സ്വരാജ് എകെജി സെന്ററിലേക്കും പോകും.
വീട്ടിക്കുത്ത് ജിഎൽപിഎസിലെ ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്ത ആര്യാടൻ ഷൗക്കത്തിന് 100 ശതമാനം വിജയപ്രതീക്ഷയായിരുന്നു. രാമങ്കുത്ത് എൽ പി സ്കൂളിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജും രാവിലെ തന്നെ കുടുംബസമേതം വോട്ട് രേഖപ്പെടുത്താനെത്തി. പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്ന് സ്വരാജ് പറഞ്ഞു.