തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുത്ത ബിജെപി വേദിയിൽ മാറിനിന്നതിൽ വിശദീകരണവുമായി മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. വേദിയിൽ തനിക്ക് സ്ഥാനം ലഭിച്ചത് ബിജെപി ഉപാധ്യക്ഷ എന്ന നിലയിലാണ്. പ്രധാനമന്ത്രി എത്തുമ്പോൾ നൽകപ്പെട്ടിട്ടുള്ള സ്ഥാനത്ത് നിലയുറപ്പിക്കുക എന്നാണ് കരുതിയിരുന്നത്. അങ്ങോട്ടേക്ക് ക്ഷണിച്ചാൽ അല്ലാതെ പോകരുതെന്ന പരിശീലനം ലഭിച്ചത് കൊണ്ടാകാം അടുത്തേക്ക് പോകാതിരുന്നതെന്നും ശ്രീലേഖയുടെ വിശദീകരണം.
തനിക്ക് രാഷ്ട്രീയം പുതിയതാണ്. 33 വർഷം പൊലീസ് ഉദ്യോഗസ്ഥ എന്ന കടമയാണ് നിർവഹിച്ചത്. നിരവധി വിവിഐപി ഡ്യൂട്ടി ചെയ്തിട്ടുള്ള തനിക്ക് അച്ചടക്കം പ്രധാനമാണ്. പ്രധാനമന്ത്രി എത്തുമ്പോൾ നൽകപ്പെട്ടിട്ടുള്ള സ്ഥാനത്ത് നിലയുറപ്പിക്കുക എന്നാണ് കരുതിയിരുന്നത്. അങ്ങോട്ടേക്ക് ക്ഷണിച്ചാൽ അല്ലാതെ പോകരുതെന്ന പരിശീലനം ലഭിച്ചത് കൊണ്ടാകാം അടുത്തേക്ക് പോകാതിരുന്നത്. പക്ഷേ അതിനെ മാധ്യമങ്ങളിൽ മോശമായി ചിത്രീകരിച്ചു കണ്ടു. ജനങ്ങൾ തെറ്റിദ്ധരിക്കരുതെന്ന് ശ്രീലേഖ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചു.
പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ ഒറ്റപ്പെട്ട് ആർ. ശ്രീലേഖ നിൽക്കുന്നതിൻ്റെ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിച്ചിരുന്നു. പുത്തരിക്കണ്ടത്തെ പരിപാടി കഴിഞ്ഞ് മടങ്ങവേ ശ്രീലേഖയോടും കെ. സുരേന്ദ്രനോടും യാത്ര പറയാതെയാണ് മോദി മടങ്ങിയത്. വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കൾക്ക് ഹസ്തദാനം നൽകിയും സംസാരിച്ചുമാണ് നരേന്ദ്ര മോദി വേദിയിൽ നിന്നും മടങ്ങിയത്. സഹപ്രവർത്തകർക്കൊപ്പം നിൽക്കാതെ ശ്രീലേഖ വേദിയിൽ മാറി നിൽക്കുന്നതും ശേഷം വേദിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതും പ്രചരിച്ച വീഡിയോയിൽ കാണാം.