തിരുവനന്തപുരം: മാധ്യമങ്ങളെ വിമർശിച്ച് ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. പാർട്ടി കാര്യങ്ങൾ തീരുമാനിക്കുന്നത് മാധ്യമങ്ങളല്ല, അത് പാർട്ടി മേലധികാരികളാണെന്ന് ശ്രീലേഖ പറയുന്നു. ചില മാധ്യമങ്ങൾ തന്നെ മനഃപൂർവം കരിതേയ്ക്കാൻ ശ്രമിക്കുന്നു. പാർട്ടി തീരുമാനത്തോട് ഉറച്ചുനിൽക്കുന്നയാളാണ് താനെന്നും ആർ. ശ്രീലേഖ പറയുന്നു. ആരോടും വിദ്വേഷമോ നീരസമോ ഇല്ല. മാധ്യമങ്ങൾ വെറുതെ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നു. സോഷ്യൽ മീഡിയയിലെ വീഡിയോ പോസ്റ്റിലാണ് ശ്രീലേഖയുടെ വിശദീകരണം. മേയർ സ്ഥാനാർഥിത്വത്തിലെ അതൃപ്തി തുറന്നു പറഞ്ഞതിന് പിന്നാലെയാണ് വീഡിയോ തയ്യാറാക്കിയത്.
കഴിഞ്ഞ ദിവസവും ശ്രീലേഖ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിലേതെന്നാണ് ആർ. ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചത്. മുഖ്യധാരാ മാധ്യമങ്ങളിൽ ചിലർ എഡിറ്റ് ചെയ്ത ഭാഗങ്ങൾ മാത്രം കാണിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നെന്നും പുറകെ നടന്ന് ചോദ്യം ചോദിച്ച് ശല്യപ്പെടുത്തിയെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
മേയർ പ്രഖ്യാപനത്തിൽ ശ്രീലേഖ കഴിഞ്ഞ ദിവസം അതൃപ്തി പരസ്യമാക്കിയിരുന്നു. മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് അവസാന നിമിഷം വാക്ക് മാറ്റിയെന്ന് ശ്രീലേഖ തുറന്നടിച്ചിരുന്നു. പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സീറ്റിൽ ശ്രീലേഖയെ മത്സരിപ്പിച്ച് അനുനയിപ്പിക്കാനായിരുന്നു നേതൃത്വത്തിൻ്റെ ശ്രമം. എന്നാൽ താൻ മത്സരിക്കാനില്ലെന്നും കൗൺസിലറായി തുടരുമെന്നും ശ്രീലേഖ പ്രതികരിച്ചു.