തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കേസുകളിൽ അകപ്പെടാൻ പാടില്ല എന്നീ ഉപാധികളോടെയാണ് രാഹുലിന് ജാമ്യം നൽകിയത്.
രാഹുൽ അന്വേഷണവുമായി സഹകരിക്കാത്തിനാൽ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. 16 ദിവസമായി റിമാൻഡിലാണെന്നും, അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാഹുൽ ഈശ്വറിന്‍റെ അഭിഭാഷകൻ വാദിച്ചു. ഇത്രയും ദിവസത്തിനു ശേഷം ഇനി എന്തിനാണ് വീണ്ടും കസ്റ്റഡിയെന്നായിരുന്നു കോടതിയുടെ ചോദ്യം.
നവംബർ 30നാണ് ഐഡൻ്റിറ്റി വെളിപ്പെടുത്തിയതിന് അതിജീവിതയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെ രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഡിസംബര്‍ 11ന് രാഹുൽ ഈശ്വറിനെ വീണ്ടും റിമാന്‍ഡ് ചെയ്യുകയായിരുന്നു. നേരത്തെ രണ്ടു തവണ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാഹുലിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും ജാമ്യ ഹര്‍ജിയിൽ വാദം നടന്നത്. വാദം കഴിഞ്ഞതിന് പിന്നാലെ ജാമ്യം അനുവദിക്കുകയായിരുന്നു.