തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിൽ സിപിഐഎം. പാർട്ടിയുടെ അടിത്തറ ഭദ്രമെന്നും രാഷ്ട്രീയ വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും വിലയിരുത്തൽ. സർക്കാരിനോട് ജനങ്ങൾക്ക് എതിരഭിപ്രായമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തലുണ്ട്. വിവാദമായ ശബരിമല സ്വർണക്കൊള്ളയിൽ രാഷ്ട്രീയ വിശദീകരണം നടത്താനും ധാരണയായി.
സ്വർണക്കൊള്ളയിൽ മുതിർന്ന നേതാക്കൾ പാർട്ടി നിലപാട് വിശദീകരിക്കുമെന്നാണ് തീരുമാനം. മന്ത്രിമാരും മുതിർന്ന നേതാക്കളും ജില്ലാ പര്യടനത്തിന് ഇറങ്ങും.വികസന നേട്ടങ്ങൾ വിശദീകരിക്കും. ന്യൂനപക്ഷ ആശങ്കകൾ അകറ്റണമെന്നും സിപിഐഎം സെക്രട്ടേറിയറ്റിൽ നിർദേശം. അതേ സമയം തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ വിലയിരുത്തി സിപിഐഎം മുഖപത്രം ദേശാഭിമാനി എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു.
ക്ഷേമവും വികസനവും ജനവിധിയെ സ്വാധീനിച്ചില്ലെന്നാണ് ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നത്. വിഷപ്പാമ്പുകളുമായി യുഡിഎഫ് ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കി. ബിജപി- ജമാഅത്തെ സഖ്യത്തിലായിരുന്നു യുഡിഎഫ്. മതതീവ്രതയുടെ കരിനീരാളികളുമായുള്ള യുഡിഎഫ് സഖ്യം എതിർക്കപ്പെടണം. ബിജപി പലയിടത്തും യുഡിഎഫിന് വോട്ടു നൽകി. തിരിച്ചും സംഭവിച്ചു. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും എഡിറ്റോറിയൽ ഓർമിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎമ്മിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ചാണ് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നത്. എൽഡിഎഫ് സർക്കാർ ആത്മപരിശോധന നടത്തണമെന്ന് എഡിറ്റോറിയൽ പ്രധാനമായും പറഞ്ഞുവയ്ക്കുന്നു. സർക്കാർ കൈക്കൊണ്ട ചില നടപടികൾ ജനങ്ങളിൽ സംശയം ജനിപ്പിച്ചിട്ടുണ്ടോയെന്ന് പഠിക്കണം. സംശുദ്ധവും സുതാര്യവുമായ ഉത്തരവാദിത്വം നിർവഹിക്കാൻ രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടാൽ ഇങ്ങനെ സംഭവിക്കുമെന്നും ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നു.
തെരഞ്ഞെടുപ്പിലെ തോൽവിയെ വിലയിരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ തിരിച്ചടിയായെന്നും ബിജെപിയുമായി സർക്കാരിന് ബന്ധമുണ്ടെന്ന പ്രചാരണം ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രശ്നമായെന്നും ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകൾ കണ്ടെത്തുന്നതിൽ എൽഡിഎഫ് പരാജയപ്പെട്ടു.