തിരുവനന്തപുരം: പരാതിക്കാരിക്ക് നേരെ സൈബർ ആക്രമണം നടത്തിയതിന് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്ത് ഫെന്നി നൈനാനെതിരെ കേസ്. രാഹുലിനെതിരെ മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിക്ക് നേരെയാണ് സൈബർ ആക്രമണം ഉണ്ടായത്. പരാതിക്കാരിയുടെ ഐഡൻ്റിറ്റി പുറത്തുവരുന്ന തരത്തിൽ സൈബറാക്രമണം നടക്കുന്നതിൽ ഫെന്നി നൈനാന് വ്യക്തമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
സൈബറാക്രമണത്തെ തുടർന്ന് പരാതിക്കാരി നേരത്തെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സൈബർ പൊലീസ് ഫെന്നി നൈനാനെതിരെ നടപടിയെടുത്തത്. രാഹുലിനെതിരെ ഉയർന്ന ബലാത്സംഗപരാതികളിൽ ഫെന്നി നൈനാൻ്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചിരുന്നു.
പരാതികൾ ഒന്നിന് പിറകേ ഒന്നായി വന്നപ്പോഴും രാഹുലിനെ അനുകൂലിച്ച് കൊണ്ട് നേരത്തേയും ഫെന്നി നൈനാൻ പ്രതികരിച്ചിരുന്നു. ഇന്ന് രാവിലെയോടെ രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസ് നൽകിയ പരാതിക്കാരിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിൻ്റെ സ്‌ക്രീന്‍ഷോട്ട് ഫെന്നി നൈനാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. "ഈ പോസ്റ്റിൽ ഞാൻ അതിജീവിത ആരെന്ന് പറഞ്ഞിട്ടില്ല. ഒരു ഐഡൻ്റിറ്റിയും വെളിപ്പെടുത്തിയിട്ടില്ല" എന്ന് പ്രത്യേക അറിയിപ്പോടെ ആയിരുന്നു പോസ്റ്റ് പങ്കുവച്ചത്.
ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് എതിരായ ഒരു കുറ്റവും രാഹുൽ ചെയ്തിട്ടില്ലെന്നും, ധാർമികമായി രാഹുൽ എംഎൽഎ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് വിധിക്കാൻ ഞാൻ ആളല്ലെന്നും ഫെന്നി പറഞ്ഞിരുന്നു. ഇവിടെ കോടതി ഉണ്ട്. സത്യം അവിടെ തെളിയും. അന്ന് ഇയാളെ വേട്ടയാടിയവർ മനസ് കൊണ്ടെങ്കിലും ഒരു മാപ്പ് പറയണമെന്നും ഫെന്നി നൈനാൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.