തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ കഴിവ് കേട് കൊണ്ടെന്ന് കെ. മുരളീധരൻ. കേരള പൊലീസ് കേസിൽ അമ്പേ പരാജയപ്പെട്ടു. മുൻകൂർ ജാമ്യം ലഭിച്ചു എന്ന് വിചാരിച്ച് കോൺഗ്രസിന് ഒന്നുമില്ല. പുകഞ്ഞ പൊള്ളി പുറത്ത് തന്നെയാണ്. രാഹുൽ വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, പാലക്കാട് അടക്കം വലിയ വിജയം യുഡിഎഫിന് ഉണ്ടാകുമെന്നും കെ. മുരളീധരൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തിൽ കോൺഗ്രസ് ചാപ്റ്റർ ക്ലോസ് ചെയ്തു കഴിഞ്ഞുവെന്ന് കെ. മുരളീധരൻ പറഞ്ഞു. ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും പാർട്ടിക്ക് അന്വേഷിക്കേണ്ട ആവശ്യമില്ല. പാർട്ടി എടുത്ത തീരുമാനത്തിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഇല്ല. ജാമ്യം കിട്ടുന്നതനുസരിച്ച് നടപടി മാറ്റുന്ന പാർട്ടിയല്ല കോൺഗ്രസ്. ഞങ്ങളുടെ തീരുമാനം അന്തിമമാണ്. പുകഞ്ഞ കൊള്ളി പുറത്ത് എന്ന നിലപാടിൽ മാറ്റമില്ല. രാഹുലിന്റെ കാര്യം നോക്കേണ്ടത് കേരള പൊലീസാണ്. നാളെ രാഹുൽ നിലപാട് മാറ്റിയാൽ മാർക്സിസ്റ്റ് പാർട്ടി രണ്ട് കൈയും നീട്ടി അദ്ദേഹത്തെ സ്വീകരിക്കുമോ എന്നും പറയാൻ പറ്റില്ല. തെളിവുകൾ ഉണ്ടെന്ന് വീമ്പ് അടിച്ചിട്ടും രാഹുലിനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി നിലപാടെടുത്ത അടൂർ പ്രകാശിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായെന്നും കെ. മുരളീധരൻ പറഞ്ഞു.