പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടത് ചുവന്ന കാറിൽ മാത്രമല്ലെന്ന് എസ്ഐടി. പാലക്കാട് നിന്ന് തന്നെ രാഹുൽ കാർ മാറി കയറി. 2 കിലോമീറ്റർ മാത്രമാണ് രാഹുൽ ചുവന്ന കാറിൽ സഞ്ചരിച്ചത്. കാറിൻ്റെ ഉടമയെന്ന് കരുതുന്ന നടിയെ ഉടൻ ചോദ്യം ചെയ്യേണ്ടതില്ലെന്നും പ്രത്യേക അന്വേഷണസംഘം അറിയിച്ചു. രാഹുലിനെ ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കിൽ മാത്രം നടിയിലേക്ക് എത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
അതേസമയം, രാഹുലിനെതിരെ നിർണായക തെളിവുകളും പുറത്തുവന്നിട്ടുണ്ട്. യുവതി പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് ഡോക്ടർ സ്ഥിരീകരിച്ചു. വൈദ്യ പരിശോധനയിലൂടെയാണ് ഈ വിവരം സ്ഥിരീകരിച്ചത്.
കൂടാതെ രാഹുലിനെ സംബന്ധിച്ച് ഇന്ന് ഏറെ നിർണായകമായതൊരു ദിനം കൂടിയാണ്. രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന രാഹുലിൻ്റെ ആവശ്യം അഡ്വക്കേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ കാര്യത്തിലും കോടതി ഇന്ന് തീരുമാനം അറിയിക്കും.
യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുൽ ഒളിവിലായിരുന്നു. അന്നേ ദിവസം വരെ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ സജീവമായ രാഹുൽ ഒളിവിൽ കഴിയാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. ഇതുവരെ രാഹുലിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാഹുൽ തമിഴ്നാട്ടിൽ ഉണ്ടെന്നും, പിന്നീട് കർണാടക അതിർത്തിയിലെ ബാഗലൂരിൽ ഉണ്ടെന്നുമുള്ള വിവരം ലഭിച്ചിരുന്നു. എന്നാൽ തെരച്ചിൽ ഊർജിതമാക്കിയിട്ടും രാഹുലിനെ പിടികൂടാൻ സാധിച്ചില്ല.