

തൃശൂർ: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയ അതിജീവിതയുടെ ചിത്രം സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച കോൺഗ്രസ് സൈബർ പോരാളി അറസ്റ്റിൽ. വെള്ളാംങ്കല്ലൂർ സ്വദേശിയായ സിജോ ജോസ് ആണ് അറസ്റ്റിലായത്.
സിജോ പൂവത്തും കടവിൽ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുകയായിരുന്നു. നേമം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തൃശൂർ റൂറൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതിയുമായി മറ്റൊരു പെണ്‍കുട്ടി കൂടി രംഗത്തെത്തി. തന്നെ സുഹൃത്തിൻ്റെ ഹോട്ടൽ മുറിയില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയത്. സംസ്ഥാനത്തിന് പുറത്തു താമസിക്കുന്ന 23കാരിയാണ് പരാതി നല്‍കിയത്.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്കാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മുറിയില്‍ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെണ്‍കുട്ടി പരാതിയിൽ പറയുന്നു.