

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ മൊഴി തേടാൻ സമ്മതം തേടി അതിജീവിതയ്ക്ക് ഇ-മെയിലിലൂടെ നോട്ടീസ് അയച്ച് പൊലീസ്. മൊഴി നൽകാൻ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്നാണ് പരാതിക്കാരിയുടെ നോട്ടീസിൽ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി നിയോഗിച്ചിരുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയായ ഈ പെൺകുട്ടിയുടെ മറുപടി ലഭിച്ചാൽ പൊലീസ് ഉടൻ മൊഴിയെടുക്കും. പരാതി അയച്ച മെയിലിലേക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെ സഹായിച്ച ഡ്രൈവറെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മലയാളിയായ ഡ്രൈവറാണ് കസ്റ്റഡിയിലായത്. ഇയാളാണ് രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ചത്. ബെംഗളൂരുവിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യ കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്യുകയാണ്. ഹോട്ടലുടമയെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതിജീവിതയ്ക്ക് നേരെ സൈബർ ആക്രമണം തുടരവെ പൊലീസ് രജിസ്റ്റർ ചെയ്തത് 36 കേസുകളാണ്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിൽ അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ കമന്റിടുന്നവർക്ക് എതിരെയും കേസെടുക്കുന്നുണ്ട്.