

ലൈംഗികാരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് രാഹുൽ രാജിവെക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഹുൽ എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുതെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിൻ്റെ പ്രതികരണം. ഇപ്പോൾ തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്. പരാതികൾ ഇനിയും വരും. കോൺഗ്രസ് രാഹുലിനെ സസ്പെൻഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണ്. ഇപ്പോഴും രാഹുൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ന്യൂസ് മലയാളം പുറത്തുവിട്ടതിന് പിന്നാലെയാണ് അതിജീവിതയായ പെൺകുട്ടി ഇന്ന് വൈകുന്നേരം സെക്രട്ടറിയേറ്റിൽ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.നിർണായകമായ ഡിജിറ്റൽ തെളിവുകളും പെൺകുട്ടി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഈ പരാതിയിലുള്ളത്.രാഹുൽ മാങ്കൂട്ടത്തിൽ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വധിക്കുമെന്ന് ഭയപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നുണ്ട്.