തിരുവനന്തപുരം: അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപത്തിൽ കേരള പൊലീസ് നടപടികൾ തുടരുന്നതിനിടെ കുറ്റം ആവർത്തിച്ച് രാഹുൽ അനുകൂലി. അതിജീവിതയ്ക്കെതിരെ വീണ്ടും അധിക്ഷേപവുമായി രംഗത്തെത്തിയിരിക്കുകയാണ് സൈബർ ആക്രമണ കേസിലെ പ്രതിയായ രഞ്ജിത. തിരുവനന്തപുരം സിറ്റി സൈബർ സെൽ എടുത്ത കേസിലെ ഒന്നാംപ്രതിയാണ് മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയായ രഞ്ജിത പുളിക്കൽ.
അതിജീവിതയ്ക്കെതിരായ സൈബർ അതിക്രമങ്ങളിൽ 36 കേസാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയതോടെയാണ് അതിജീവിതയ്ക്കെതിരെ സൈബർ പ്ലാറ്റ് ഫോമുകളിൽ വ്യാപക അധിക്ഷേപമുണ്ടായത്.
വ്യാജ പ്രൊഫൈലുകളും രാഹുൽ അനുകൂലികൾക്കും പുറമേ പ്രമുഖരായ വ്യക്തികളും ആക്ഷേപമുയർത്തി രംഗത്ത് വന്നു. ഇതോടെയാണ് സൈബർ പോലീസ് കടുത്ത നടപടിയുമായി മുന്നോട്ട് വന്നത്. അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തിയ കോൺഗ്രസ് വനിതാ നേതാവ് രഞ്ജിത പുളിക്കനെയും,സന്ദീപ് വാര്യരരെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു.
ചാനൽ ചർച്ചകളിൽ അധിക്ഷേപ പരാമർശം നടത്തിയ രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡിലാക്കുകയും ചെയ്തിട്ടുണ്ട്. 'വോയിസ് ഓഫ് മലയാളി' എന്ന ഫേസ്ബുക്ക് പേജ് ഉടമയും സംഭവത്തിൽ കേസിൽ അറസ്റ്റിലായി. 'ഐ ടു ഐ' ഓൺലൈൻ മാധ്യമ സ്ഥാപന ഉടമ സുനിൽ മാത്യുവിനെതിരെയും കേസെടുത്തിട്ടുണ്ട്. ലൈംഗിക ചുവയോടെ അധിക്ഷേപിക്കൽ അടക്കം വകുപ്പുകൾ ചേർത്താണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.