തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ മൊഴി നൽകാൻ തയ്യാറെന്ന് അതിജീവിത. കേസുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അതിജീവിത അന്വേഷണ സംഘത്തെ അറിയിച്ചു. അന്വേഷണ സംഘം യുവതിയുടെ അനുമതി തേടി ഇ-മെയിൽ അയച്ചിരുന്നു.
കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി നിയോഗിച്ചിരുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയായ പെൺകുട്ടിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മുറിയില്‍ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
ആദ്യ ആക്രമണത്തിന് ശേഷം രാഹുല്‍ വിവാഹ വാഗ്ദാനം പിന്‍വലിച്ചു. ഒരു മാസത്തിന് ശേഷം വീണ്ടും മെസേജ് അയച്ചു തുടങ്ങി. ഗര്‍ഭിണിയാക്കുമെന്ന് രാഹുല്‍ തന്നോടും പറഞ്ഞെന്നും പെണ്‍കുട്ടി പറഞ്ഞു. പരാതിയുടെ പകര്‍പ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
ഇന്‍സ്റ്റഗ്രാം മുഖേനായാണ് രാഹുല്‍ പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ചത്. അതിന് ശേഷം ഫോണ്‍ നമ്പര്‍ വാങ്ങി. പിന്നാലെ തന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നടക്കം പറയുന്നു. വിവാഹ വാഗ്ദാനം ആവര്‍ത്തിച്ചതോടെ പെണ്‍കുട്ടി വീട്ടുകാരോട് കാര്യം പറഞ്ഞു. രാഷ്ട്രീയക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നതിനോടുള്ള എതിര്‍പ്പ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചു.
പിന്നീട് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് വീട്ടുകാര്‍ സമ്മതിച്ചതെന്നും ഇക്കാര്യം രാഹുലിനെ അറിയിച്ചപ്പോള്‍ അടുത്ത അവധിക്കാലത്ത് വീട്ടുകാരുമായി വരാം എന്ന് രാഹുല്‍ ഉറപ്പു നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
ശേഷം പെണ്‍കുട്ടി നാട്ടിലെത്തിയപ്പോള്‍ സ്വകാര്യമായി കാണണമെന്ന് രാഹുല്‍ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാറില്‍ ഒരു ഹോം സ്റ്റേയില്‍ കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടിത്തിലിനൊപ്പം ഉണ്ടായിരുന്നത് സുഹൃത്തായ ഫെന്നി നൈനാന്‍ ആണെന്നും പരാതിയില്‍ പറയുന്നു.