തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാർക്കെതിരായ വിമർശനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ബിജെപി. മുഖ്യമന്ത്രി വിസിമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുഖ്യമന്ത്രി ശ്രമിക്കുന്നത് ആർഎസ്എസിനെയും ബിജെപിയെയും ഭീകരവൽക്കരിച്ച് മുസ്ലീം വോട്ട് നേടാനാണ്. ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലീം ലീഗിന്റെയും പിന്തുണയോടെയാണ് വി.ഡി. സതീശൻ അധികാരത്തിൽ തുടരുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനെതിരെ ജനവികാരം ഉയരുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയാൻ, നമുക്ക് കേരളത്തിലെ ജനങ്ങളോട് കാര്യങ്ങൾ തുറന്ന് സംസാരിക്കാം, തികച്ചും സത്യസന്ധമായിത്തന്നെ! ഭരണഘടനയ്ക്കും മതേതരത്വത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ള തീവ്രശക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും, അവരുടെയും മുസ്ലീം ലീഗിന്റെയും പിന്തുണ കൊണ്ട് മാത്രം അധികാരത്തിൽ തുടരുകയും ചെയ്യുന്ന ഒരാൾക്ക് മതേതരത്വത്തെക്കുറിച്ചോ ഭരണഘടനയെ ബഹുമാനിക്കുന്നതിനെക്കുറിച്ചോ സംസാരിക്കാൻ യാതൊരു അർഹതയുമില്ല! ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രി ആർഎസ്എസിന്റെ മേധാവി മോഹൻ ഭാഗവത് ജി പങ്കെടുക്കുന്ന പൊതുപരിപാടിയുടെ ഭാഗമായതിന്റെ പേരിൽ വൈസ് ചാൻസലർമാരെ ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യത്തിന് ഒട്ടും ചേർന്നതല്ല.
ഭാരതത്തിൽ ഒരു "ഇസ്‌ലാമിക് റിപ്പബ്ലിക്" സ്ഥാപിക്കണമെന്ന് പരസ്യമായി വാദിക്കുന്ന ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ കാരുണ്യത്തിലാണ് സ്വന്തം സർക്കാർ അധികാരത്തിലേറിയതെന്ന കാര്യം സൗകര്യപൂർവം മറന്നുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. മതമാണ്, മതമാണ്, മതമാണ് പ്രശ്നം എന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരു മുസ്ലിം ലീഗ് മന്ത്രിയുമായി അധികാരം പങ്കിട്ടുകൊണ്ടാണ് അദ്ദേഹം മതേതരത്വത്തെക്കുറിച്ച് പ്രസംഗിക്കുന്നത്. ബിജെപിയെയും ആർഎസ്എസിനെയും കുറിച്ച് ജനങ്ങളിൽ ഭീതി നിറച്ച് മുസ്ലിം വോട്ടുകൾ തട്ടിയെടുക്കാനും യഥാർഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുമുള്ള പഴയ തന്ത്രം ഇനി കേരളത്തിൽ നടപ്പില്ല.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും പ്രീണനത്തിലും കോൺഗ്രസും സിപിഐഎമ്മും ഒറ്റക്കെട്ടാണെന്ന് കേരളത്തിലെ ജനങ്ങൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. കോൺഗ്രസും സിപിഐഎമ്മും രണ്ടല്ല, ഒന്നാണ്. മുഖ്യമന്ത്രിയോട് എനിക്ക് വളരെ വ്യക്തമായി പറയാനുള്ളത് ഇതാണ് - സ്വന്തം ദേശീയബോധം തുറന്നു പ്രകടിപ്പിക്കാനും രാഷ്ട്രമാണ് പ്രധാനം എന്ന് ചിന്തിക്കുന്ന നേതാക്കൾക്കൊപ്പം അഭിമാനത്തോടെ നിലകൊള്ളാനും മലയാളികൾക്ക് ഇന്ന് യാതൊരു മടിയുമില്ല. ഇതാണ് മാറ്റം ... ഇതൊരു തുടക്കം മാത്രം.