തിരുവനന്തപുരം: മുഖ്യമന്ത്രിയും പോറ്റിയും ഒരുമിച്ചുള്ള എഐ ഫോട്ടോ പങ്കുവച്ചതിന് കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തതിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. ഇത്തരം സംഭവങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. സുബ്രഹ്മണ്യൻ്റെ അറസ്റ്റിൽ ശക്തമായി പ്രതിഷേധിക്കുന്നു. മുഖ്യമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും പഠിക്കുകയാണ്. സുബ്രഹ്മണ്യൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നു. സ്വർണക്കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് അറസ്റ്റ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഒരാളെ അറസ്റ്റ് ചെയ്തു എന്ന് കരുതി കോൺഗ്രസുകാർ പേടിച്ചു ഒളിച്ചിരിക്കാൻ പോകുന്നില്ല. സുബ്രഹ്മണ്യൻ്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണ്. കോൺഗ്രസ് നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആക്ഷേപ പ്രചാരണങ്ങൾക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖറും പോസ്റ്റ് ഇട്ടിരുന്നു. പക്ഷേ ഒരു നടപടി എടുത്തില്ല. ബോധപൂർവമായ അജണ്ടയാണ്. രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കാത്തത് ബിജെപി- സിപിഐഎം ബന്ധമാണെന്നും ചെന്നിത്തല ആരോപിച്ചു.
ശബരിമലയിലെ സ്വർണക്കൊള്ളക്കു പിന്നിൽ വലിയ മാഫിയയാണ് പ്രവർത്തിക്കുന്നത്. അതിൻ്റെ ഒരു കണ്ണിയാണ് ഡി. മണി. യഥാർഥ വസ്തുതകൾ പുറത്തു വരണം. കൂടുതൽ കാര്യങ്ങൾ പുറത്തു വരും. കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ആബുലൻസിൻ്റെ താക്കോൽ ദാനം ചെയ്യേണ്ടത് ഭീമ ജൂവലറിയല്ലേ, എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയാണ് അത് ചെയ്തതെന്നും ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രിയെ പോലെ ഒരാൾ സോണിയ ഗാന്ധിക്കെതിരെ പറഞ്ഞത് ശരിയായില്ല. ശിവൻകുട്ടി പറയുന്നതിനെ മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടതില്ലായിരുന്നു. ഫോട്ടോയെടുക്കാൻ ഒരാൾ വന്നാൽ പശ്ചാത്തലം പരിശോധിക്കാറില്ലെന്നും, വന്നാൽ തന്നെ അവരോട് കടക്കു പുറത്ത് എന്ന് പറയാൻ പറ്റുമോ എന്നും ചെന്നിത്തല ചോദിച്ചു. കടകംപള്ളിയോടൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി ഫോട്ടോ എടുത്താൽ കുഴപ്പില്ല.അത് എന്തുകൊണ്ടാണ് ശിവൻകുട്ടിയും മുഖ്യമന്ത്രിയും ചോദിക്കാത്തത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.