രാത്രിയുടെ മറവിൽ അല്ല ഒരാളെ സസ്പെൻഡ് ചെയ്യേണ്ടത്, കാരണം കാണിക്കൽ നോട്ടീസ് നൽകാൻ പോലും തയ്യാറായില്ല; നേതൃത്വത്തിനെതിരെ ലാലി ജെയിംസ്

തനിക്കെതിരെ എടുത്ത നടപടിയിൽ ഡിസിസി പ്രസിഡൻ്റ് കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു എന്നും ലാലി ജെയിംസ് പറഞ്ഞു.
lali james
ലാലി ജെയിംസ്Source: News Malayalam 24x7
Published on
Updated on

തൃശൂർ: പണം വാങ്ങി മേയർ പദവി വിറ്റെന്ന ആരോപണമുന്നയിച്ചതിന് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതിൽ പ്രതികരിച്ച് ലാലി ജെയിംസ്. കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ടായിരുന്നു ലാലിയുടെ പ്രതികരണം. രാത്രിയുടെ മറവിൽ അല്ല, ഒരാളെ സസ്പെൻഡ് ചെയ്യേണ്ടതെന്നും കാരണം കാണിക്കൽ നോട്ടീസ് നൽകാൻ പോലും നേതൃത്വം തയ്യാറായില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.

തനിക്കെതിരെ എടുത്ത നടപടിയിൽ ഡിസിസി പ്രസിഡൻ്റ് കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു. പക്വതയോടെ കൈകാര്യം ചെയ്താൽ ആ വിഷയം പാർട്ടിയിൽ പ്രതിസന്ധി ആകില്ല. നേതൃത്വത്തിലുള്ളവർ എന്നെ വിളിക്കുക പോലും ചെയ്തിട്ടില്ല, ഡിസിസി ഓഫീസിലേക്ക് വിളിപ്പിക്കാനുള്ള മനസോ മനസാക്ഷിയോ അവർക്ക് ഉണ്ടായില്ലെന്നും ലാലി വിമർശിച്ചു. ആരോപണങ്ങളിൽ കഴമ്പ് ഉണ്ടോയെന്ന് അന്വേഷിക്കണം, കാരണം കാണിക്കൽ നോട്ടീസ് നൽകണം, ശരിയും തെറ്റും പരിശോധിച്ചതിന് ശേഷം നടപടിയെടുക്കണം, അങ്ങനെ അല്ലേ നടപടിക്രമം. അതാണ് സാമ്യാന മര്യാദയെന്നും ലാലി പറഞ്ഞു.

lali james
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണം: തൃശൂർ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിന് സസ്പെൻഷൻ

നേതാക്കൾക്ക് മാത്രമാണോ ആത്മാഭിമാനം ഉള്ളത്. പാർട്ടിയിൽ പ്രവർത്തിക്കുന്ന ഒരു ബൂത്ത് പ്രസിഡൻ്റിന് പോലും ആത്മാഭിമാനം ഉണ്ടാകുമെന്നും ലാലി പറഞ്ഞു. സസ്പെൻഡ് ചെയ്താലും താൻ കോൺഗ്രസുകാരെയായി തുടരുമെന്നും തന്നെ തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലാലി വ്യക്തമാക്കി. തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോൺഗ്രസുകാരെയായി തുടരും. കോൺഗ്രസുകാരിയായി തുടരാൻ കോൺഗ്രസിൻ്റെ അംഗത്വം ആവശ്യമില്ല. സിപിഐഎമ്മിലേക്കോ ബിജെപിയിലേക്കോ ഇല്ലെന്നും അവർ വ്യക്തമാക്കി.

എഐസിസിയെയോ കെപിസിസിയെയോ സമീപിക്കില്ല. കാരണം രണ്ട് ഘടകങ്ങളും അവർക്കൊപ്പം ആണ്. അതുകൊണ്ടുതന്നെ സമീപിച്ചിട്ട് എന്ത് കാര്യമെന്നും ലാലി ചോദ്യമുന്നയിച്ചു. താൻ ഉയർത്തിയ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു. പണം നൽകി എന്നത് പലരും രണ്ടു ദിവസം മുൻപ് പറഞ്ഞതാണ്. പണം വാങ്ങി എന്നതിൻ്റെ തെളിവുകളൊന്നും കയ്യിൽ ഇല്ല. പറഞ്ഞുകേട്ട കാര്യം മാത്രമാണ്. പണം നൽകിയതിനാൽ മേയർ പദവി പ്രതീക്ഷിക്കേണ്ടതില്ല എന്ന് പലരും പറഞ്ഞു.

lali james
പൂനെ തദ്ദേശ തെരഞ്ഞെടുപ്പ്: എൻസിപി നേതാക്കളായ അജിത് പവാറും ശരദ് പവാറും നടത്തിയ ഒത്തുതീർപ്പ് ചർച്ച ഫലം കണ്ടില്ല

ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് തന്നോട് പാർട്ടി ഫണ്ട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ തൻ്റെ കയ്യിൽ പണമില്ലാത്തതിനാൽ പാർട്ടി ഫണ്ട് നൽകാൻ സാധിച്ചില്ല. നിജി ജസ്റ്റിൻ പാർട്ടി ഫണ്ട് നൽകിയിട്ടുണ്ടാകുമെന്നും ലാലി ചൂണ്ടിക്കാട്ടി. പാർട്ടിയിലെ താഴെ തട്ടിലുള്ള ആളുകൾ മുതൽ ഉള്ളവർ ആഗ്രഹിക്കുന്നത് പദവികളാണ്. അല്ലാത്ത പക്ഷം ജീവകാരുണ്യ പ്രവർത്തനം മാത്രം ചെയ്തു മുന്നോട്ടുപോയാൽ പോരെയെന്നും ലാലി ചോദിച്ചു.

"എന്നിലെ രാഷ്ട്രീയ നേതാവിനെ, പൊതു പ്രവർത്തകെയെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് സംശയിക്കുന്നു. എന്നെ പോലെ ഒരാൾ മേയർ കസേരയിലേക്ക് വന്നാൽ അവിടെ ട്യൂഷൻ മാസ്റ്റർമാർക്ക് അവസരം ഉണ്ടാകില്ല. ഞാൻ വരാതിരിക്കാൻ മനപൂർവം ശ്രമിച്ചവർ ഉണ്ടായേക്കാം. നിജി ഡോക്ടറാണ്. പ്രൊഫഷണലാണ്. പക്ഷേ അവർക്ക് തൃശൂരിനെ പറ്റിയും ഭരണകാര്യങ്ങളെ പറ്റിയും പറഞ്ഞുകൊടുക്കാൻ ആളുകൾ വേണ്ടിവരും. അവസരത്തിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടാകും. അതിന് തയ്യാറായി നിൽക്കുന്നവർ തന്നെ മാറ്റി നിർത്താൻ ശ്രമിച്ചു", ലാലി ജെയിംസ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com