

തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്നതിന്റെ ഭാഗമായി അണലിക്കുഞ്ഞുങ്ങളെകൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകളുണ്ടെന്ന വാദം തിരുത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ വാദം തെറ്റാണെന്ന് ഡോക്ടര്‍ ഷിംന അസീസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് മറുപടിയായാണ് തെറ്റ് തിരുത്തിക്കൊണ്ടുള്ള രമേശ് ചെന്നിത്തലയുടെ കുറിപ്പ്.
'വളരെ നാള്‍ മുന്‍പ് എന്റേതായി വന്ന ഒരു പരാമര്‍ശത്തില്‍ കടന്നു കൂടിയ തെറ്റ് സംബന്ധിച്ച് ഡോ. ഷിംന അസീസിന്റെ തിരുത്ത് മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടു. അപകടകരവും മാരകവുമായ വിവിധ തരം ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള സംഭാഷണത്തിന് ഇടയിലായിരുന്നു അത്. വിഷ പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് ഞാന്‍ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല. ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു,' രമേശ് ചെന്നിത്തല കുറിച്ചു.
ഒപ്പം ഷിംന അസീസിനെ തൂഫാന്‍ വാരിയറാകാന്‍ ആഭ്യന്തര മന്ത്രി ക്ഷണിക്കുകയും ചെയ്തു. 'പാമ്പുകളെ ഉപയോഗിക്കുന്നതു പോലെ അത്യന്തം അപകടകരവും വിനാശകരവുമായ ലഹരി ഉപയോഗം ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലും അത്തരം കേന്ദ്രങ്ങള്‍ ഉണ്ടെന്ന വിവരങ്ങളെ ഗൗരവത്തോടെയാണ് മനസിലാക്കുന്നത്. ഇതെല്ലാം സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ അറിയിക്കാന്‍ ആരും മടിക്കരുത്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായിരിക്കും. തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി തൂഫാന്‍ വാറിയറാകാന്‍ ഡോ. ഷിംന അസീസിനെ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു,' എന്നാണ് പോസ്റ്റില്‍ പറയുന്നത്.
ഇതിന് പിന്നാലെ ക്ഷണം സ്വീകരിച്ചുകൊണ്ട് ഡോ. ഷിംന അസീസ് തന്നെ രംഗത്തെത്തി. സ്വയം തിരുത്തി മാതൃകയാകുന്ന, ഇന്നലെ നേരിട്ട എതിര്‍പ്രതികരണങ്ങള്‍ എല്ലാം നിഷ്പ്രഭമാക്കുന്ന രീതിയില്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ 'തിരുത്ത്' നിലപാടുകളുടെ ഔന്നത്യമായി, മറുപടിയായി ഉയരെ ശോഭിച്ചു നില്‍ക്കുന്നുവെന്ന് ഷിംന അസീസ് കുറിച്ചു.
'ഒരു പൊടിമീശക്കാരന്റെ അമ്മയാണ്, മക്കളെ സ്‌നേഹിക്കുന്നവരുടെ ചങ്കിലെ പിടപ്പ് അറിയുന്നോളാണ്. കേരളത്തിലെ ലക്ഷക്കണക്കിന് രക്ഷിതാക്കളില്‍ ലഹരിയെന്ന നിഴല്‍ വീഴ്ത്തുന്ന ആശങ്കയെ കുറിച്ച് വ്യക്തമായ ബോധവും ബോധ്യവുമുള്ള ഒരു ഡോക്ടറും പൊതുജനാരോഗ്യപ്രവര്‍ത്തകയുമാണ്. ഓരോ കുഞ്ഞിനും കുടുംബത്തിനും എന്റെ കേരളത്തിനും വേണ്ടി ഏതറ്റം വരെയും ലഹരിക്കെതിരെ പൊരുതിക്കൊണ്ട് ഓപ്പറേഷന്‍ തൂഫാന് കൂടെയുണ്ടാകും. ഓപ്പറേഷന്‍ തൂഫാന്‍ വാരിയര്‍ ആവാനുള്ള ആഭ്യന്തരമന്ത്രിയുടെ ക്ഷണം വിനയപൂര്‍വ്വം സ്വീകരിക്കുന്നു,' എന്നും ഷിംന കുറിച്ചു.
ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആഭ്യന്തര മന്ത്രി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കൊത്തിച്ച് ലഹരി ഉണ്ടാക്കുന്ന പാര്‍ലറുകളെക്കുറിച്ച് പറഞ്ഞത്. എറണാകുളത്ത് ഒരു സ്ഥലത്ത് അണലിക്കുഞ്ഞുങ്ങളെ കൊണ്ട് ആളുകളുടെ നാക്കില്‍ കൊത്തിക്കുന്ന ഒരു സ്ഥലം പൊലീസ് കണ്ടുപിടിച്ചു എന്നും മരിച്ചുപോകില്ല, അണലിക്കുഞ്ഞല്ലേ എന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സംഭവത്തില്‍ അതിശക്തമായ നടപടി സ്വീകരിച്ചു. നെറ്റിയിലിടുന്ന പൊട്ട്, നാക്കിലിടുന്ന സ്റ്റാംപ്, കയ്യിലിടുന്ന പ്ലാസ്റ്റര്‍ ഇതെല്ലാം ലഹരിയാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിന് പിന്നാലെയാണ് പരാമര്‍ശത്തിനെതിെര ഷിംന അസീസ് രംഗത്തെത്തിയത്.