തിരുവനന്തപുരം: നിയമസഭാകക്ഷി യോഗത്തിൽ വിട്ട് നിൽക്കുമെങ്കിലും രമേശ് ചെന്നിത്തല വി.ഡി. സതീശന് പിന്തുണക്കത്ത് നൽകും. പാർലമെൻ്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാത്ത സാഹചര്യത്തിൽ ആണ് കത്ത് നൽകുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പാർലമെൻ്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാതെ ചെന്നിത്തല തിരുവനന്തപുരത്ത് നിന്ന് ഹരിപ്പാട്ടെ വസതിയിലേക്ക് മടങ്ങുകയായിരുന്നു.
കെ.സി. വേണുഗോപാലിനും വി.ഡി. സതീശനുമൊപ്പം രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ, വി.ഡി. സതീശനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപായി ചെന്നിത്തലയെ ഹൈക്കമാൻഡ് വിളിച്ച് തീരുമാനം അറിയിച്ചു. അപ്പോൾ തന്നെ അദ്ദേഹം പ്രതിഷേധം അറിയിച്ചു. തുടർന്ന് പ്രഖ്യാപനത്തിന് പിന്നാലെ ഒന്നും മിണ്ടാതെ ചെന്നിത്തല തലസ്ഥാനം വിടുകയായിരുന്നു. തൻ്റെ സീനിയോറിറ്റി പരിഗണിക്കാത്തതിലാണ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് അദ്ദേഹം അറിയിച്ചതായും സൂചനയുണ്ട്.
അതേസമയം, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് കെ.സി. വേണുഗോപാൽ അഭിനന്ദനങ്ങളറിയിച്ചു. ഹൈക്കമാൻഡ് തെരഞ്ഞെടുത്ത വി.ഡി. സതീശന് അഭിനന്ദനം. സർക്കാരിനും മുഖ്യമന്ത്രിക്കും തൻ്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.