തൃശൂർ: ഓരോ രംഗം തീരുവോളം കണ്ണുകൾക്ക് ആനന്ദോൽസവമാണ് കഥകളി. കവിൾ തടങ്ങളുടെയും താടിയെല്ലിന്റെയും അഗ്രമൊപ്പിച്ച് ചുട്ടി കുത്തുന്നത് കാണാത്തവർ അധികം ഉണ്ടാകില്ല. എന്നാൽ ചായം അഴിക്കുന്നത് അധികം ആരും കണ്ട് കാണില്ല. കലോത്സവ നഗരിയിലെ പിന്നണിക്കാഴ്ചകളിലേയ്ക്ക് ഇറങ്ങിച്ചെന്നാൽ ഇത്തരം മനോഹര കാഴ്ചകൾ കാണാം. കഥകളി വേഷ സമ്പ്രദായങ്ങളും മുഖത്തെഴുത്തും മറ്റൊരു സൗന്ദര്യാത്മകമായ അനുഭൂതിയാണ്. മുഖത്തെഴുത്തിന്റെ ഒരു പ്രധാന ഭാഗമാണ് ചുട്ടി. അരിപ്പൊടിയും പേപ്പറും വെട്ടിയെടുത്ത് ചേർത്ത് ചുട്ടി ഒട്ടിച്ചെടുക്കും. ചുട്ടിയുടെ ആകൃതിയും വലിപ്പവുമാണ് കഥാ പാത്രത്തിന്റെ സ്വഭാവം.
മണിക്കൂറുകളാണ് ചുട്ടികുത്താനായി ചിലവഴിക്കുന്നത്. എന്നാൽ എല്ലാം അഴിച്ചു മാറ്റാൻ 10 മിനിറ്റ് പോലും തികച്ചു വേണ്ട. പക്ഷെ ചുട്ടി അഴിക്കുന്നതിന് പിറകിലും ചില നീറുന്ന യാഥാർത്ഥ്യങ്ങളുണ്ട്. ഒട്ടിച്ചെടുക്കുന്ന ചുട്ടികൾ കൃതാവിൽ പറ്റിപ്പിടിച്ചിട്ടുമുണ്ടാവും. ഇത് അഴിച്ചെടുക്കുന്പോൾ കുഞ്ഞു കാലാകാരൻമാരുടെ ശരീരത്തിനും നീറ്റലുണ്ട്. സംസ്ഥാന കലോത്സവ വേദിയിൽ കളിക്കാനായല്ലോ എന്നോർക്കുമ്പോൾ വേദനകളെ അവർ മറക്കും.
വെളിച്ചെണ്ണ ഉപയോഗിച്ച് രണ്ട് മൂന്ന് മിനിറ്റുകൊണ്ട് ചുട്ടി അഴിച്ചെടുക്കാം. ഈ സമയത്ത് ചിലർ ആരും കാണാതെ വേദന പിടിച്ചടക്കും, ചിലരുടെ കണ്ണുകൾ നിറയും. മുഖത്തെ തൊലി വലിയുന്നത് കണ്ടു നിൽക്കുന്നവരെ പോലും ചിലപ്പോൾ സങ്കടപ്പെടുത്തിയേക്കാം. കേശഭാരത്തോടു കൂടിയ വലിയ കിരീടങ്ങള്‍ക്കും രണ്ട് കിലോ വരെ ഭാരമുണ്ട്. വേദിയിൽ നിന്ന് ഇറങ്ങിയ ശേഷം ഗ്രീൻ റൂമിലേയ്ക്ക് നീങ്ങുമ്പോൾ ചെറുതല്ലാത്ത ഒരു ആശ്വാസം മത്സരാർഥികളുടെ മുഖത്തുണ്ട്.
തിളങ്ങുന്ന പട്ടില്‍ തീര്‍ത്ത കട്ടികഞ്ചുകങ്ങള്‍, നിറപ്പകിട്ടാര്‍ന്ന അരപ്പാവാടകള്‍, അരപ്പാവാട ധരിക്കുന്നതിന് മുൻപേ അരയ്ക്കു ചുറ്റും ചുറ്റിയെടുത്ത നീണ്ട വസ്ത്ര ചുരുള്‍. എല്ലാം കൃത്യമാണോ എന്ന ടെൻഷൻ ആയിരുന്നു ആദ്യമെങ്കിൽ, പിന്നെ കണ്ടത് ആശ്വാസം. മേക്കപ്പഴിച്ച് മുഖം കഴുകി വരുമ്പോൾ സന്തോഷത്തിന്റെയും ആത്മ നിർവൃതിയുടെ ഭാവങ്ങളും അവരുടെ മുഖത്തുണ്ടായി.