എറണാകുളം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മന്ത്രി കെ.എം. ഷാജിക്ക് ആശ്വാസം. വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി. കേസിലെ എഫ്‌ഐആറും തുടര്‍ നടപടികളുമാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം. ഷാജിയാണ് കോടതിയെ സമീപിച്ചത്. നേരത്തെ കേസ് മൂന്നു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കെ.എം. ഷാജി സമർപ്പിച്ച ഹർജിയിലായിരുന്നു ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. തനിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്നായിരുന്നു കെ.എം. ഷാജിയുടെ വാദം.
കോഴിക്കോട് ഒന്നര കോടിരൂപയുടെ വീട് നിർമിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണെന്ന സിപിഐഎം പ്രവർത്തകൻ ഹരീഷിന്‍റെ പരാതിയിലാണ് കെ.എം. ഷാജിക്കെതിരെ കേസെടുത്തത്. കേസിലെ തുടർനടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 2013 ൽ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ 2022ൽ വിജിലന്‍സ് ഷാജിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ റെയ്ഡ് നടത്തി 47 ലക്ഷത്തിലേറെ രൂപ പിടികൂടിയിരുന്നു.
2020 ജനുവരിയിലാണ് ഷാജിയെ പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം. ഷാജി സമർപ്പിച്ച ഹർജിയില്‍ ഈ പണം വിട്ടുനല്‍കാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നാണ് ഷാജി വാദിച്ചത്.