പവർ കട്ട് ഇല്ലെന്ന് പറയുന്നത് കബളിപ്പിക്കൽ, ആഭ്യന്തര ഉൽപ്പാദനം ഉയർത്തിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും: ബിജു പ്രഭാകർ

"എല്ലാവരും കഞ്ചാവ് വലിക്കണമെന്നല്ല, നിയന്ത്രണത്തോടെ അനുവദിക്കണം എന്നാണ് ഉദ്ദേശിച്ചത്. നശിക്കാനുള്ളവര്‍ക്ക് കഞ്ചാവ് തന്നെ വേണമെന്നില്ല"
ബിജു പ്രഭാകർ
Published on
Updated on

തിരുവനന്തപുരം: പവർകട്ട് ഇല്ലെന്ന് പറയുന്നത് കബളിപ്പിക്കലാണെന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും കെഎസ്ബി മുൻ ചെയർമാനുമായിരുന്ന ബിജു പ്രഭാകർ. കാലങ്ങളായി ഇവിടുത്തെ ഭരണാധികാരികളെ കബളിപ്പിച്ചാണ് കെഎസ്ഇബി മുന്നോട്ട് പോകുന്നത്. ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ച് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിൽ കുറവ് വരുത്തണം. അല്ലെങ്കിൽ ഇനിയുള്ള കാലം വലിയ വില കൊടുക്കേണ്ടതായി വരുമെന്നും ബിജു പ്രഭാകർ ന്യൂസ് മലയാളത്തോട് പറഞ്ഞു. 13,000 കോടിയുടെ പർച്ചേസാണ് വൈദ്യുതിയുടെ കാര്യത്തിൽ നടക്കുന്നത്. അതിൽ താൽപ്പര്യമുള്ള ഏറെപ്പേരുണ്ട്. എന്നാൽ അതിൽ നിന്നുമാറി ആ ചെലവ് എങ്ങനെ കുറയ്ക്കാമെന്ന് ഇനി പുതുതായി വരുന്ന സർക്കാരെങ്കിലും ആലോചിക്കണം.

ബിജു പ്രഭാകർ
ആക്രമണകാരികളായ തെരുവു നായ്ക്കളെ ജനവാസ മേഖലയിൽ തുറന്നുവിടുന്നു; കാസർഗോഡ് ജില്ലയിലെ എബിസി സെൻ്ററുകളുടെ പ്രവർത്തനം താളം തെറ്റി

പത്തു വർഷക്കാലം പവർ കട്ട് ഇല്ലെന്ന പ്രചാരണത്തെ കാണേണ്ടത് ഇവിടുത്തെ സർക്കാരിനെ കെഎസ്ഇബി അധികൃതർ കബളിപ്പിച്ചു എന്ന നിലയിലാണ്. തനിക്ക് ചുമതലയുണ്ടായിരുന്ന സമയത്തും പലപ്പോഴും വൈദ്യുതി ഷോർട്ടേജ് ഉണ്ടായിരുന്നു. കേരളത്തിൽ വൈദ്യുതിയുടെ ആഭ്യന്തര ഉൽപ്പാദനം എങ്ങനെ കൂട്ടണം എന്നതിനെപ്പറ്റി കഴിഞ്ഞ പത്ത് വർഷം എന്നല്ല 20-25 വർഷക്കാലമായി പോലും ചിന്തിച്ചിട്ടില്ല. ഡാമുകൾ കേന്ദ്രീകരിച്ചുള്ള ചെറുകിട പദ്ധതികൾ പോലും ചെയ്തിട്ടില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു.

കെഎസ്ഇബി ഒരു കുത്തകയായിട്ട് ഇരിക്കുന്നതിനേക്കാൾ കൂടുതൽ അവർക്ക് ഒരു പ്രതിബദ്ധത ഉണ്ടാകണം, കുറഞ്ഞ ചെലവിൽ വൈദ്യുതി നൽകാൻ സാധിക്കണം എന്ന ലക്ഷ്യം വേണം. ആദ്യ കാലത്ത് വ്യവസായങ്ങൾക്കും കൂടുതലായി വൈദ്യുതി നൽകാൻ കഴിഞ്ഞിരുന്നു. ഇന്നും അതിന് കഴിയാത്ത സാഹചര്യം അല്ല. എന്നാൽ ഉൽപ്പാദനം വർധിപ്പിക്കണം. പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കുന്ന തരത്തിൽ ഹൈഡ്രൽ പ്രൊജക്റ്റ് വേണമെന്ന അഭിപ്രായം ഇല്ല. പക്ഷെ ബാറ്ററി സ്റ്റോറേജ്, ഡാമുകളിൽ പമ്പ്ഡ് സ്റ്റോറേജിനുള്ള സാധ്യതകൾ എന്നിവ പരിഗണിക്കാം. ആണവനിലയം പോലുള്ള പദ്ധതികളിൽ ആശങ്കകൾ വേണ്ടതില്ല. സ്വകാര്യവൽക്കരിക്കുന്നതിലെ വ്യവസ്ഥകൾ സർക്കാരിന് മേൽക്കൈ ലഭിക്കുന്ന തരത്തിലാകണം എന്നുമാത്രമാണ് ശ്രദ്ധിക്കേണ്ടത്.

അഴിമതിയൊന്നും എല്ലാക്കാര്യത്തിലും ഇല്ലാതാക്കാൻ കഴിഞ്ഞെന്ന് വരില്ല, പക്ഷെ വ്യാപകമായി അഴിമതി നടക്കുകയും അതെല്ലാം ജനനന്മയ്ക്കായി നടത്തുകയാണ് എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നതിലാണ് പ്രശ്നം. മുൻപ് നടന്ന പല അഴിമതികളിലും കുറ്റക്കാർക്കെതിരെ കൃത്യമായ നടപടി ഉണ്ടായിട്ടില്ല. അതിനെ ആരും ചോദ്യം ചെയ്തിട്ടുമില്ല. അതേസമയം തന്നേപ്പോലുള്ള ഉദ്യോഗസ്ഥർക്ക് ഓരോ ആരോപണത്തിലും വിജിലൻസ് ഉൾപ്പെടെ നിരവധി ഏജൻസികളുടെ അന്വേഷണങ്ങൾ നേരിടേണ്ടതായി വരുന്നുവെന്നും ബിജു പ്രഭാകർ ചൂണ്ടിക്കാട്ടി.

ബിജു പ്രഭാകർ
പൊള്ളുന്ന ചൂടിന് ആശ്വാസം..! ഇന്ന് മുതൽ വേനൽ മഴ വ്യാപകമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തന്റെ രാഷ്ട്രീയ പ്രവേശന വാർത്തകളോടും ബിജു പ്രഭാകർ പ്രതികരിച്ചു. ഉടനെ രാഷ്ട്രീയത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റേത് കോൺഗ്രസ് ആശയങ്ങൾ തന്നെയാണെന്നും ബിജു പ്രഭാകർ ന്യൂസ് മലയാളത്തോട് പറഞ്ഞു. അതേസമയം, കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട പരാമർശത്തിലും ബിജു പ്രഭാകർ വിശദീകരണം നൽകി. എല്ലാവരും കഞ്ചാവ് വലിക്കണമെന്നല്ല പറഞ്ഞത്. നിയന്ത്രണത്തോടെ അനുവദിക്കണം എന്നാണ് ഉദ്ദേശിച്ചത്. നശിക്കാനുള്ളവര്‍ക്ക് കഞ്ചാവ് തന്നെ വേണമെന്നില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു.

News Malayalam 24x7
newsmalayalam.com