വടകര: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് രണ്ടാം സീറ്റ് ചോദിച്ച് ആർഎംപി. നാദാപുരമോ കുന്നംകുളമോ വേണമെന്നാണ് ആർഎംപിയുടെ ആവശ്യം. രണ്ട് മണ്ഡലങ്ങളിലും സ്വാധീനമുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ആവശ്യം യുഡിഎഫ് അംഗീകരിക്കുകയാണെങ്കിൽ ആർഎംപി സംസ്ഥാന സെക്രട്ടറി എൻ. വേണു രണ്ടാമത്തെ സീറ്റിൽ മത്സരിച്ചേക്കും.
നേരത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സീറ്റ് ആവശ്യപ്പെട്ട് കെ.കെ. രമ രംഗത്തെത്തിയിരുന്നു. കോഴിക്കോട് ജില്ലയിലെ നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങളിൽ ആർഎംപിക്ക് വലിയ സ്വാധീനമുണ്ടെന്നും യുഡിഎഫ് മുന്നണി ആവശ്യം പരിഗണിക്കും എന്നാണ് പ്രതീക്ഷയെന്നും രമ പറഞ്ഞിരുന്നു.
നിലവിൽ വടകര മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ച പാർട്ടിക്ക്, തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് ജില്ലകളിലായി 32 അംഗങ്ങളുണ്ട്. ഒഞ്ചിയത്തും ഏറാമലയിലും യുഡിഎഫ് സഹായത്തോടെയാണ് ആർഎംപി ഭരണം. തൃശൂരിൽ അഞ്ചും പാലക്കാട് രണ്ടും അംഗങ്ങളുണ്ട്.