

ആശുപത്രിവളപ്പിലെ ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം എന്ത് വില കൊടുത്തും തടയുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. രോഗികൾക്ക് കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, സൗജന്യഭക്ഷണത്തിന് ആശുപത്രികളിൽ ആവശ്യക്കാർ ഉള്ളിടത്തോളം കാലം പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു. 'എരണം കെട്ടവൻ എന്ന വാക്കിന് വിശക്കുന്നവർക്ക് ഭക്ഷണം വിലക്കുന്നവൻ' എന്ന അർത്ഥമുണ്ടോ എന്ന് വി.ശിവൻകുട്ടിയും പ്രതികരിച്ചു. പൊതിച്ചോർ വിതരണത്തിൽ രാഷ്ട്രീയം കാണേണ്ടെന്ന പ്രതികരണവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രനും എത്തിയതോടെ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനം. സന്നദ്ധ സംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഇനി മുതൽ കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രമേ ഭക്ഷണ വിതരണം നടത്താൻ സാധിക്കൂ. ആശുപത്രിയിൽ ബാനർ കെട്ടി ഭക്ഷണം നൽകാൻ പാടില്ല, കൊടി കെട്ടേണ്ട സ്ഥലമല്ല സർക്കാർ ആശുപത്രി. ഇന്ന് കൂടുതൽ കർശനമായി മന്ത്രി നിലപാട് ആവർത്തിച്ചു. ആശുപത്രികളിലെ ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം എന്ത് വിലകൊടുത്തും തടയും. ആശുപത്രിക്ക് അകത്ത് രാഷ്ട്രീയ പ്രവർത്തനം വേണ്ട. അത് സർക്കാരിൻ്റെ തീരുമാനമാണെന്നും കൂടി ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആശുപത്രികളിൽ ഭക്ഷണത്തിന് ആവശ്യക്കാർ ഉള്ളിടത്തോളം കാലം ആശുപത്രികളിലെ പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചു. ഡിവൈഎഫ്ഐ ആക്രി പെറുക്കി വിറ്റ് പാവങ്ങളെ സഹായിക്കുന്നുണ്ട്. ഇനി സർക്കാർ ആക്രിയും നിരോധിക്കുമോ എന്നായിരുന്നു എ.എ.റഹീം എംപിയുടെ രോഷത്തിൽ പൊതിഞ്ഞ പരിഹാസം.
മികച്ച പദ്ധതികൾ ഇല്ലാതാക്കിയാൽ ബുദ്ധിമുട്ട് സർക്കാരിന് തന്നെയെന്നായിരുന്നു പി.രാജീവിന്റെ പ്രതികരണം. സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരുന്നാൽ അത് സർക്കാരിന് തന്നെ തിരിച്ചടിയാകും. ഒരു നല്ല പ്രവൃത്തിയെ ശത്രുതാ മനോഭാവത്തോടെ കാണുന്നത് എന്തിനെന്ന് പി.എ. മുഹമ്മദ് റിയാസും ചോദിച്ചു. ആരോഗ്യമന്ത്രി ഈഗോ ഒഴിവാക്കണം, ഡിവൈഎഫ്ഐയുമായി ചർച്ചക്ക് തയ്യാറാകണമെന്നും റിയാസ്‍ കൂട്ടിച്ചേര്‍ത്തു. 'എരണം കെട്ടവൻ എന്ന വാക്കിന് വിശക്കുന്നവർക്ക് ഭക്ഷണം വിലക്കുന്നവൻ' എന്ന അർഥമുണ്ടോ എന്നായിരുന്നു വി.ശിവൻകുട്ടി ഫേസ്ബുക്കില്‍ ചോദിച്ചത്.
പൊതിച്ചോർ വിതരണത്തില്‍ രാഷ്ട്രീയം കാണേണ്ടെന്നായിരുന്നു ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ പ്രതികരണം. ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നവരുടെ ഐഡന്റിറ്റി അറിയുന്നതാണ് നല്ലത്, അപ്പോൾ കൊടുക്കുന്നവർക്ക് ഉത്തരവാദിത്വമുണ്ടാകും. കമ്യൂണിറ്റി കിച്ചൻ കേരളത്തിൽ കോവിഡ് കാലത്തേ പൊളിഞ്ഞ് പാളീസായതാണ്. ആരോഗ്യ വകുപ്പ് ദുരഭിമാനം വെടിയണം. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണില്ലായിരുന്നുവെന്നും കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ഡിവൈഎഫ്ഐയുടെ പൊതിച്ചോർ പദ്ധതി പാവങ്ങളുടെ ആശ്രയമാണെന്നും അത് നിർത്തരുതെന്നും കെ.ബി.ഗണേഷ് കുമാറും പ്രതികരിച്ചു. ബോർഡ് വെച്ചാലും ഇല്ലെങ്കിലും ഡിവൈഎഫ്ഐ പൊതിച്ചോർ കൊടുക്കും. യൂത്ത് കോൺഗ്രസിന് പറ്റാത്ത കാര്യമാണ് അവർ ചെയ്യുന്നതെന്നു കൂടി ഗണേഷ് കുമാര്‍ പറഞ്ഞു.
വണ്ടാനത്തെ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തിനെതിരെ അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ പ്രതികരിച്ചത് നേരത്തേ വലിയ വിവാദം ആയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊതിച്ചോർ വിതരണം തടയുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം.