

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയതില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കില്ല. ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാവുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ആനന്ദ് കെ. തമ്പിയുടെ ഫോണിന്റെ ഫൊറന്‍സിക് പരിശോധനയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തൂ. അല്ലെങ്കില്‍ അസ്വാഭാവിക മരണം എന്ന നിലവിലെ വകുപ്പില്‍ തന്നെ അന്വേഷണം അവസാനിപ്പിക്കും.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തൃക്കണ്ണാപുരം വാര്‍ഡിലെ നിലവിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ എം.വി. വിനോദ് കുമാറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ആനന്ദ് കെ. തമ്പിയെ സ്ഥാനാര്‍ഥിയാക്കണം എന്ന നിര്‍ദ്ദേശം പാര്‍ട്ടിയുടെ പ്രാദേശിക യോഗത്തില്‍ പോലും ഉയര്‍ന്നിട്ടില്ല എന്നാണ് വിനോദ് മൊഴി നല്‍കിയത്. സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹം ആനന്ദ് പറഞ്ഞിട്ടില്ല എന്നും വിനോദിന്റെ മൊഴിയില്‍ പറയുന്നു. പ്രാദേശിക ബിജെപി നേതാക്കളും ഇതേ മൊഴിയാണ് നല്‍കിയത്.
ആനന്ദ് സ്ഥാനാര്‍ഥി ആകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും എതിര്‍ത്തിരുന്നതായി അച്ഛന്‍ ഉള്‍പ്പെടെയുള്ള വീട്ടുകാരും മൊഴി നല്‍കി. ഇതോടെ സ്ഥാനാര്‍ഥിയാക്കാന്‍ ആരും പിന്തുണയ്ക്കാത്ത മാനസിക വിഷമമാവാം ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസ് നിഗമനം. അതിനപ്പുറം ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ ആരുടെയെങ്കിലും ഭാഗത്തുണ്ടായതായിട്ട് കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നും പൊലീസ് പറയുന്നു.