തിരുവനന്തപുരം: ഡ്രൈവിങ് പരിശീലനത്തിനിടെ കാറിടിച്ചു കയറിയുണ്ടായ അപകടത്തിൽ പ്രതികരിച്ച് ആർടിഒ വി.എസ് അജിത്കുമാർ. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടകാരണമെന്നും വണ്ടിക്ക് മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഇല്ലെന്നും ആർടിഒ അറിയിച്ചു.
നടന്നത് നിയമലംഘനമാണെന്നും, പരിശീലനം നൽകുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ പാലിച്ചില്ലെന്നും ട്രാൻസ്പോർട്ട് കമീഷണർ സി. എച്ച് നാഗരാജു പറഞ്ഞു. പരിശീലനം നടത്തേണ്ട റൂട്ടിൽ അല്ല ഇവർ പരിശീലനം നടത്തിയത്. 2019-ൽ ഡ്രൈവർക്ക് ലൈസൻസുണ്ടായിരുന്നു. പിന്നെ ഇപ്പോൾ പരിശീലനം നടത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും ട്രാൻസ്പോർട്ട് കമീഷണർ അറിയിച്ചു.
ഡ്രൈവിങ് പരിശീലനത്തിനിടെ കാർ ഫുട്‌പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ കാൽനട യാത്രക്കാരെയും ഓട്ടോറിക്ഷകളെയും ഇടിച്ചു. ഉച്ചയോടെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം അപകടമുണ്ടായത്. നാല് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നിലഗുരുതരമാണ്.
ജിഎച്ച് സ്റ്റാൻ്റിൽ ഓട്ടോ ഓടിക്കുന്ന കരകുളം അഴിക്കോട് സ്വദേശി ഷാഫി, കണ്ണമ്മൂല സ്വദേശി സുരേന്ദ്രൻ എന്നിവർക്കാണ് പരിക്ക് പറ്റിയത്. വള്ളക്കടവ് സ്വദേശികളായ ശ്രീപ്രിയ,ആഞ്ജനേയൻ എന്നിവരാണ് അപകടത്തിൽ പെട്ട കാൽനടയാത്രക്കാർ.
തിരുമല വലിയവിള സ്വദേശികളായ വിഷ്ണു നാഥ് -വിജയൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. വിഷ്ണു നാഥിനെ വിജയൻ ഡ്രൈവിങ്ങ് പഠിപ്പിക്കുമ്പോയാണ് നിയന്ത്രണം വിട്ട് കാർ ഫുട്ട് പാത്തിലേക്ക് കയറുകയായിരുന്നു. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.