കണ്ണൂർ: ശബരിമലയിലെ സ്വർണമോഷണത്തിൽ ദേവസ്വം ബോർഡ് ജാഗ്രത കാണിക്കണമായിരുന്നുവെന്ന് ശബരിമല മുൻ മേൽശാന്തി ജയരാമൻ നമ്പൂതിരി. ഒരു പോറ്റി മാത്രം വിചാരിച്ചാൽ ശബരിമലയിൽ മോഷണം നടത്താനാവില്ല, തീയില്ലാതെ പുകയുണ്ടാകില്ല. തെറ്റ് ചെയ്തവരൊക്കെ ശിക്ഷിക്കപ്പെടട്ടെ എന്നും ജയരാമൻ നമ്പൂതിരി. 2022 കാലത്തെ മേൽശാന്തി ആയിരുന്നു കണ്ണൂർ സ്വദേശിയായ ജയരാമൻ നമ്പൂതിരി. താൻ മേൽശാന്തി ആയിരുന്ന സമയത്ത് ഉണ്ണികൃഷ്ണൻ പോറ്റി അവിടെ ഉണ്ടായിരുന്നില്ലെന്നും നമ്പൂതിരി പറഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ അറസ്റ്റിലേക്ക് നീങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. മുരാരി ബാബു ഉൾപ്പെടെയുള്ളവരെ ഉടൻ ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. പോറ്റിയെ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കാനാണ് എസ്ഐടി നീക്കം.