പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ കടുത്ത നടപടി തുടരാൻ ദേവസ്വം ബോർഡ്. പ്രതിപ്പട്ടികയിലുള്ള ദേവസ്വം അസിസ്റ്റൻറ് എൻജിനീയർ കെ. സുനിൽകുമാറിനെ ഇന്ന് സസ്പെൻഡ് ചെയ്യും. വിരമിച്ച ഏഴ് ജീവനക്കാർക്കെതിരെയും നടപടിയെടുക്കും. പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പെടെ തടയും. നിർണായക ദേവസ്വം ബോർഡ് യോഗം ഇന്ന്. ദേവസ്വം വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വന്നതിനു പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി. മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു.
പ്രതി പട്ടികയിൽ ഉള്ള വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം പൂർത്തിയായ ശേഷമേ ഉണ്ടാവൂ. ഇക്കാര്യത്തിൽ ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്.
അതേസമയം, കെപിസിസിയുടെ ശബരിമല വിശ്വാസസംരക്ഷണ യാത്രകൾക്ക് ഇന്ന് തുടക്കം. നാലു മേഖലകളായി തിരിച്ചാണ് ജാഥ. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നയിക്കുന്ന യാത്ര, വൈകീട്ട് നാലിന് തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ നയിക്കുന്ന യാത്ര മൂവാറ്റുപുഴയിൽ ദീപാ ദാസ് മുൻഷി ഉദ്ഘാടനം ചെയ്യും. പാലക്കാട് നിന്നും കൊടിക്കുന്നിൽ സുരേഷ് എംപി നയിക്കുന്ന യാത്ര കെപിസിസി അധ്യക്ഷനും, കാസർകോട് നിന്നും കെ മുരളീധരൻ നയിക്കുന്ന യാത്ര പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും. ജാഥകൾ എല്ലാം പതിനെട്ടാം തീയതി ചെങ്ങന്നൂരിൽ എത്തും. അവിടെനിന്ന് പദയാത്രയായി പന്തളത്താണ് വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനം. ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട വിവാദം ചർച്ചകളിൽ സജീവമായി നിലനിർത്താനാണ് യുഡിഎഫിന്റെ തീരുമാനം.