പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ വ്യാപക റെയ്ഡുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയുടേയും എ. പത്മകുമാറിൻ്റേയും എൻ. വാസുവിൻ്റേയും വീടുകളിൽ ഇ.ഡി സംഘം റെയ്ഡ് നടത്തുന്നുണ്ട്. ദേവസ്വം ബോർഡ് ആസ്ഥാനമടക്കം 21 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തുന്നത്. ചെന്നൈ സ്മാർട് ക്രിയേഷൻസിലും റെയ്ഡ് നടത്തി. ഇ ഡി സംഘം ബാങ്ക് അക്കൗണ്ട്, ആസ്തി വിവരങ്ങൾ തുടങ്ങിയവ പരിശോധിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് മാത്രം അഞ്ച് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. എൻ. വാസുവിൻ്റെ പേട്ടയിലെ വീട്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ പുളിമാത്തെ വീട്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനി ദേവിയുടെ വെഞ്ഞാറമൂട്ടിലെ വീട്, പാങ്ങാപ്പാറയിലെ കെ.എസ്. ബൈജുവിൻ്റെ ഫ്ലാറ്റ്, ദേവസ്വം ബോർഡ് ആസ്ഥാനം എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്ത് ഇ ഡി പരിശോധന നടക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് അമ്മയെ പുളിമാത്തെ വീട്ടിലെത്തിച്ചാണ് റെയ്ഡ് നടത്തുന്നത്. പത്തനംതിട്ടയിൽ എ. പത്മകുമാറിൻ്റെ വീട്ടിൽ ഇ ഡി സംഘം പരിശോധന നടത്തുന്നുണ്ട്. പോറ്റിയടക്കമുള്ളവരുമായുള്ള പണമിടപാടുകൾ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
എറണാകുളത്ത് രണ്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. അങ്കമാലിയിലെയും കാക്കനാട്ടെയും രണ്ട് മുൻ ജീവനക്കാരുടെ വീടുകളിലാണ് പരിശോധന. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും അതിൻ്റെ വ്യാപ്തിയും ഗുണഭോക്താക്കളെയും അടക്കം കണ്ടെത്തേണ്ട സാഹചര്യത്തിലാണ് പരിശോധന.
സംസ്ഥാനത്തിന് പുറത്ത് നാലിടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. കർണാടകയിലെ ബെല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ, ഫോർട്ട് ഏരിയയിലുള്ള ഗോവർദ്ധൻ്റെ വീട്ടിൽ, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങളിൽ എന്നിവിടങ്ങളിലാണ് സംസ്ഥാനത്തിന് പുറത്ത് പരിശോധന നടക്കുന്നത്.