തിരുവനന്തപുരം: രാജ്യത്തൊട്ടാകെ ഇപ്പോൾ പ്രധാന ചർച്ചാ വിഷയമായി വോട്ട് ചോരി ആരോപണം മാറിക്കഴിഞ്ഞു. ഇതിനുപിന്നാലെയാണ് കെ. എസ്. ശബരീനാഥ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. വോട്ട് ചോരി ആരോപണം അലയടിക്കുമ്പോൾ നാം ഇനി ശ്രദ്ധ ചെലുത്തേണ്ടത് സമുച്ചയങ്ങളിലാണ് എന്ന് തുടങ്ങുന്ന പോസ്റ്റാണ് ശബരീനാഥ് പങ്കുവെച്ചത്.
പോസ്റ്റിൻ്റെ പൂർണരൂപം
“വോട്ടു ചോരി” വിവാദം ആളിക്കത്തുമ്പോൾ അതിന്റെ അലയടികൾ കേരളത്തിലും തൃശൂരിലും എത്തിച്ചേരുമ്പോൾ നാം ഇനി ശ്രദ്ധ ചെലുത്തേണ്ടത് സമുച്ചയങ്ങളിലാണ്. തൃശൂർ പാർലിമെൻ്റ് ഇലക്ഷനെ സംബന്ധിച്ച് ഇന്ന് കോൺഗ്രസും സിപിഐയും കൊടുത്ത പരാതിയിൽ പറയുന്നത് എഴുപത്തി ഒൻപതോളം വോട്ടുകൾ ഒരു ഫ്ലാറ്റിലെ റൂമിൽ നിന്ന് തന്നെ ചേർത്തു എന്നാണ്. ഒരുതരത്തിൽ ആലോചിക്കുമ്പോൾ ഇതിനുള്ള പ്രധാനപ്പെട്ട കാരണം കേരളത്തിലുള്ള ഫ്ലാറ്റ് സമുച്ചയങ്ങളിൽ കാണുന്ന അരാഷ്ട്രീയതയും ജനാധിപത്യ മര്യാദയില്ലായ്മയുമാണ്.
പൊതുപ്രവർത്തകർ, അത് ഏത് രാഷ്ട്രീയ പാർട്ടിയുമാകട്ടെ കേരളത്തിലെ ഏതു വീട്ടിലും ചെന്ന് വോട്ട് അഭ്യർത്ഥിക്കാം. പക്ഷേ ഭൂരിഭാഗം ഫ്ലാറ്റുകളിൽ മുൻകൂർ അനുമതിയോ വ്യക്തിബന്ധമോ ഇല്ലാതെ വോട്ടു ചേർക്കുന്നതിലും വോട്ടു ചോദിക്കുന്നതിലും പരിമിതികളുണ്ട്. ബിൽഡറുടെയും ഫ്ലാറ്റ് അസോസിയേഷൻ്റെയും കാല് പിടിച്ചാൽ മാത്രമാണ് പലയിടത്തും അകത്ത് കയറുവാൻ പറ്റുന്നത്. അല്ലെങ്കിൽ കൗൺസിലർ/വാർഡ് മെമ്പർ അധികാരം കാണിക്കണം.
സുതാര്യമായ ഇലക്ഷൻ പ്രവർത്തനം ഫ്ലാറ്റുകളിലും നടത്തുന്നതിനുള്ള സാഹചര്യം കേരളത്തിലുണ്ടാകണം. ഇല്ലെങ്കിൽ നഗരവത്ക്കരണം കൂടുമ്പോൾ ജനാധിപത്യ പങ്കാളിത്തം കുറയും. ഇതിനുവേണ്ടി ഇലക്ഷൻ കമ്മിഷനും രാഷ്ട്രീയപാർട്ടികളും ഫ്ലാറ്റ് ഓണർ അസോസിയേഷനും ഒരുമിച്ചു പ്രവർത്തിക്കണം, അതുപോലെ തെറ്റായ പ്രവണതകൾ ഇല്ലാതാക്കാനുള്ള ജാഗ്രത കാണിക്കണം. അല്ലെങ്കിൽ ഇതുപോലെ ചിലർക്ക് ജനാധിപത്യത്തെ വക്രീകരിക്കാനുള്ള അവസരം ഇനിയും ലഭിക്കും.