തിരുവനന്തപുരം: കോർപ്പറേഷൻ പിടിക്കാനുറച്ച് കോൺഗ്രസ്. തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ 48 വാർഡുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അരുവിക്കര മുൻ എംഎൽഎ കെ.എസ്. ശബരീനാഥൻ മേയർ സ്ഥാനാർഥിയായി കവടിയാറിൽ മത്സരിക്കും. കോൺഗ്രസ് നേതാവ് കെ.മുരളീധരനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ, സംസ്ഥാന സെക്രട്ടറി നീതു രഘുവരൻ, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡൻ്റ് വൈഷ്ണവ എന്നിവരും സംസ്ഥാന പട്ടികയിൽ ഇടം നേടി. ഘടകകക്ഷികളുമായുള്ള ചർച്ചയ്ക്ക് ശേഷം രണ്ട് ദിവസത്തിനുള്ളിൽ ബാക്കി പട്ടികയും പ്രഖ്യാപിക്കും.
101 സീറ്റുകളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഉള്ളത്. ഇതിൽ 51 നേടിയാൽ മാത്രമേ മുന്നണികൾക്ക് ഭരണം പിടിക്കാൻ സാധിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുന്നേയാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 27 വാർഡുകളിൽ വനിതകളാണ് സ്ഥാനാർഥി രംഗത്ത് ഉണ്ടാവുക എന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.
ഇന്ന് കോർപ്പറേഷനിൽ 10 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനുള്ളത്. 35ലേറെ സീറ്റുകൾ ബിജെപിക്ക് ഉണ്ട്. തെരഞ്ഞെടുപ്പിൽ ജയിക്കാനയില്ലെങ്കിലും പ്രതിപക്ഷത്തേക്ക് തിരികെ എത്താനുള്ള നീക്കവും കോൺഗ്രസ് നേതൃത്വം നടപ്പാക്കേണ്ടതായിട്ടുണ്ട്.