കേരളത്തിലെ സ്കൂളുകളില്‍ സുരക്ഷാ ഓഡിറ്റ് നടത്തണം, ആറ് വർഷം മുന്‍പ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു: രാഹുല്‍ ഗാന്ധി

കൊല്ലം തേവലക്കര ഹൈസ്കൂളിലെ മിഥുന്റെ മരണം ഹൃദയം തകർക്കുന്നതാണെന്ന് രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു
പിണറായി വിജയന്‍, രാഹുല്‍ ഗാന്ധി
പിണറായി വിജയന്‍, രാഹുല്‍ ഗാന്ധിSource: ANI
Published on

കൊച്ചി: കേരളത്തിലെ സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് രാഹുൽ ഗാന്ധി എംപി. ആറ് വർഷം മുമ്പ് താൻ ഇത് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യത്തെ കുറിച്ച് അതിവേഗം ഒരു ഓഡിറ്റ് നടത്താൻ സർക്കാർ തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ മിഥുന്റെ മരണം ഹൃദയം തകർക്കുന്നതാണെന്ന് രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു. ഒരു രക്ഷിതാവിനും ഇത് താങ്ങാൻ ആകില്ലെന്നും സുരക്ഷിതമായ സാഹചര്യത്തിൽ പഠിക്കാനുള്ള അവകാശം ഓരോ കുട്ടിക്കും ഉണ്ടെന്നും രാഹുൽ ഗാന്ധി കുറിപ്പില്‍ പറയുന്നു.

"ആറ് വർഷം മുമ്പ്, ഒരു പെൺകുട്ടി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ചതിനെത്തുടർന്ന്, സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെപ്പറ്റി സമഗ്രമായ ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഞാൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. കൊല്ലത്ത് ഒരു സ്കൂൾ കോമ്പൗണ്ടിനുള്ളിൽ വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 13 വയസ്സുള്ള മിഥുൻ മനു എന്ന വിലയേറിയ ജീവൻ നഷ്ടപ്പെട്ടത് എന്നെ വളരെയധികം വേദനിപ്പിക്കുന്നു. സമയബന്ധിതമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും പൊതു ഓഡിറ്റ് ഉടൻ നടത്തണമെന്നും ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഞാൻ കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. സങ്കൽപ്പിക്കാനാവാത്ത ഇത്തരമൊരു നഷ്ടം ഒരു രക്ഷിതാവിനും ഉണ്ടാകരുത്. ഓരോ കുട്ടിക്കും സുരക്ഷിതമായ പഠന അന്തരീക്ഷത്തിനുള്ള അവകാശമുണ്ട്", രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

പിണറായി വിജയന്‍, രാഹുല്‍ ഗാന്ധി
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച; പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

കഴിഞ്ഞ ദിവസമാണ്, തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ മനു ഷോക്കേറ്റ് മരിച്ചത്. സ്കൂളിലെത്തി കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സംഭവത്തില്‍ സ്കൂളിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട്. സുരക്ഷ പ്രോട്ടോകോൾ പാലിക്കപ്പെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തിമ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സ്കൂളിലെ പ്രധാനാധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ, പ്രധാനാധ്യാപിക എസ്. സുജയെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com