

മലപ്പുറം: വഖഫ് ബോർഡ് പ്രാതിനിധ്യ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കി സമസ്ത. വഖഫ് ബോർഡിൽ തന്നെ പ്രാതിനിധ്യം വേണമെന്ന് സമസ്ത എ.പി വിഭാഗം നേതാവ് അബ്ദുൾ ഹക്കിം അസ്ഹരി ന്യൂസ് മലയാളത്തോട് പറഞ്ഞു.
"സർക്കാറിൽ നിന്ന് എന്തെങ്കിലും ആനുകൂല്യം ലഭിക്കുകയല്ല ലക്ഷ്യം. വഖഫ് കൈകാര്യം ചെയ്യുന്ന പ്രധാന സംഘടനയാണ് സമസ്ത. വഖഫ് കൈകാര്യം ചെയ്യാൻ പറ്റിയ നോൺ-മുസ്ലിം ഞങ്ങളിൽ ഇല്ല. ലീഗിൻ്റെ അനുനയ ചർച്ചകളോട് സഹകരിക്കും. പ്രഖ്യാപിച്ച സമരവുമായി മുന്നോട്ട് പോകും," അബ്ദുൾ ഹക്കിം അസ്ഹരി ന്യൂസ് മലയാളത്തോട് പറഞ്ഞു.
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സുന്നി കാന്തപുരം വിഭാഗം യു.ഡി.എഫ് സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നത് തുടരുകയാണ്. മുസ്‍ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അനുനയ നിലപാട് സ്വീകരിച്ചിട്ടും കേരള മുസ്‍ലിം ജമാഅത്ത് ഒക്ടോബർ 22ന് സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും ബഹുജന മാർച്ച് പ്രഖ്യാപിച്ചിരുന്നു.
മുൻ സർക്കാരിൻ്റെ കാലത്തേത് പോലെ സുപ്രധാന പദവികൾ നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിൽ. രണ്ടാം പിണറായി സർക്കാറിൻ്റെ കാലത്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഓർഫനേജ് കൺട്രോൾ ബോർഡ് എന്നിവയുടെ അധ്യക്ഷ സ്ഥാനങ്ങളിൽ കാന്തപുരത്തിൻ്റെ നോമിനികളാണ് നിയമിക്കപ്പെട്ടിരുന്നത്. വിവരാവകാശ കമ്മീഷണറും ന്യൂനപക്ഷ കമ്മീഷൻ അംഗവും കാന്തപുരം നിർദേശിച്ച ആളുകളായിരുന്നു. എൽഡിഎഫ് ഭരണത്തിൽ ഇതര മുസ്‌ലിം സംഘടനകൾക്കൊന്നും കിട്ടാത്ത പരിഗണനയാണ് കാന്തപുരത്തിന് ലഭിച്ചിരുന്നത്.
ഇടതിൻ്റെ കാലത്തെ രണ്ട് വഖഫ് ബോർഡുകളിലും കാന്തപുരത്തിൻ്റെ പ്രതിനിധികളുണ്ടായിരുന്നു. ടി.കെ. ഹംസ അധ്യക്ഷനായി രൂപീകരിച്ച വഖഫ് ബോർഡിൽ മുതവല്ലി ക്വാട്ടയിലും എംപി, എംഎൽഎ ക്വാട്ടകളിലും തെരഞ്ഞെടുക്കപ്പെട്ടാണ് ലീഗ് പ്രതിനിധികൾ സ്ഥാനം പിടിച്ചത്. തുടർന്ന് കെ.എസ്. ഹംസ അധ്യക്ഷനായി നിലവിൽ വന്ന ബോർഡിൽ ലീഗിൽനിന്ന് ഒരാൾ പോലും ഉണ്ടായിരുന്നില്ല.