കൊച്ചി: ജമാഅത്തെ ഇസ്ലാമി- മുസ്ലിം ലീഗ് ധാരണയെ കടന്നാക്രമിച്ച് സമസ്ത എപി വിഭാഗം. ജമാഅത്തെ ഇസ്ലാമി വോട്ട് തേടുമ്പോൾ എന്ന തലക്കെട്ടോടെ മുഖപത്രമായ സിറാജിലെ ലേഖനത്തിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. മാളിയേക്കൽ സുലൈമാൻ സഖാഫിയാണ് ലേഖകൻ.
ജമാ അത്തെ ഇസ്ലാമി മുഖപത്രത്തിൽ വന്ന ലേഖനം മുസ്ലിം ലീഗിനെ തീവ്രവാദ പ്രസ്ഥാനമായി ചിത്രീകരിക്കുന്നു എന്നും ലീഗിനെ പിളർത്താൻ പണിയെടുത്ത ജമാഅത്തെ ഇസ്ലാമിക്കാണോ ലീഗ് പ്രവർത്തകർ വോട്ട് പിടിക്കേണ്ടത് എന്നും ലേഖനത്തിൽ ചോദ്യം ഉയർത്തുന്നുണ്ട്. ഇന്ത്യന്‍ ഭരണ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിംങ്ങളുടെ വോട്ട് ആവശ്യപ്പെടാൻ അർഹത ഇല്ലെന്നും സുലൈമാൻ സഖാഫി ആഞ്ഞടിക്കുന്നു.
ലീഗിനോട് ചില ചോദ്യങ്ങളും ലേഖനത്തിലൂടെ സുലൈമാൻ സഖാഫി ചോദിക്കുന്നുണ്ട്. ലീഗിനെ പിളർത്താൻ പണിയെടുത്ത ജമാഅത്തെ ഇസ്ലാമിക്കാണോ ലീഗ് പ്രവർത്തകർ വോട്ട് പിടിക്കേണ്ടതെന്നും, മുസ്ലിം സമുദായത്തിന് പേരുദോഷം ഉണ്ടാക്കിയ ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി വോട്ട് പിടിക്കുകയാണോ ലീഗ് പ്രവർത്തകർ ചെയ്യേണ്ടതെന്നും ലേഖനത്തിലുണ്ട്. ജമാഅത്തെ ഇസ്ലാമി നേതൃത്വപരമായ പങ്കുവഹിക്കുന്ന മുസ്ലിം പേഴ്സനൽ ബോർഡ് പോലുള്ള വേദികളിലെ അംഗത്വം വേണ്ടെന്ന് വെക്കാൻ ലീഗിന് ധൈര്യമുണ്ടോ എന്നും സുലൈമാൻ സഖാഫി ചോദ്യം ഉന്നയിക്കുന്നുണ്ട്.
2010 ആഗസ്റ്റ് മൂന്നിന് ജമാ അത്തെ ഇസ്ലാമി മുഖപത്രത്തിൽ വന്ന ലേഖനം മുസ്ലിം ലീഗിനെ തീവ്രവാദ പ്രസ്ഥാനമായി ചിത്രീകരിക്കുന്നു. മാറാട് കലാപത്തിൻ്റെ രക്തക്കറ പേറി നടക്കുന്നവർ എന്നാണ് ലേഖനത്തിൽ മുസ്ലിം ലീഗിനെ വിശേഷിപ്പിച്ചത്. മുസ്ലിം ലീഗിനെ ഒന്നാം തരം തീവ്രവാദ പ്രസ്ഥാനമായാണ് ജമാഅത്തെ ഇസ്ലാമി അന്ന് ചിത്രീകരിച്ചത്. കേരള മുസ്ലിം ജമാ അത്തിന്റെ സെക്രട്ടറി സുലൈമാൻ സഖാഫി സിറാജിൽ എഴുതിയ ലേഖനത്തിലായിരുന്നു വിമർശനം.