

കോഴിക്കോട്:പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശത്തിന് പിന്നാലെ വീണ്ടും തലപൊക്കി സമസ്ത-മുസ്ലിം ലീഗ് തര്‍ക്കം. നടപടി, ശാസനയില്‍ ഒതുക്കരുതെന്നാണ് ലീഗ് നേതാക്കളുടെ ആവശ്യം. അതേസമയം ഉമര്‍ ഫൈസിയെ പിന്തുണച്ച് സമസ്ത ലീഗ് വിരുദ്ധ പക്ഷവും രംഗത്തുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗ് സമസ്ത തര്‍ക്കം സമവായത്തിലേക്കെത്തിയിരുന്നു. എന്നാല്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്തയുടെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കന്യാകുമാരിയില്‍ നിന്നും തുടങ്ങിയ യാത്രയുടെ ഉദ്ഘാടന വേളയില്‍ സാദിഖലി തങ്ങള്‍ എത്താതിരുന്നത് മുതല്‍ വീണ്ടും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നുവെന്ന അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.
അടുത്തിടെ മലപ്പുറം എടവണ്ണപ്പാറയില്‍ ഉമര്‍ ഫൈസി മുക്കം ഒരു പരിപാടിക്കിടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ഖാസി ഫൗണ്ടേഷനെയും പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത് ഈ ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിന് ആക്കം കൂട്ടുകയും ചെയ്തു.
സിഐസി വിഷയത്തില്‍ സമസ്തയെ അവഗണിച്ചെന്നും സഹകരിച്ചു പോകുന്നതാണ് രാഷ്ട്രീയ പാര്‍ട്ടിക്ക് നല്ലതെന്നുമായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം.
എന്നാല്‍ ഇതിനെതിരെ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അടക്കമുള്ള സമസ്തയിലെ നേതാക്കള്‍ എതിര്‍ക്കുകയും ഉമര്‍ ഫൈസി മുക്കത്തെ ശാസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ലീഗിനെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണെന്നും അതിനാല്‍ ശാസന മാത്രം പോര, നടപടി എടുക്കണമെന്നുമാണ് ഷാഫി ചാലിയം അടക്കമുള്ള ലീഗ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.
അതേസമയം താന്‍ പാണക്കാട് ശിഹാബ് അലി തങ്ങളെയോ ഫൗണ്ടേഷനെ എതിരെ സംസാരിക്കുകയല്ല, പൈതൃകത്തെക്കുറിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഉമര്‍ ഫൈസി മുക്കം പറഞ്ഞത്. സമസ്തയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ വിമര്‍ശിക്കുകയോ തിരുത്തുകയോ ചെയ്തിട്ടില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞിരുന്നു.