
വളരെ സന്തോഷമുള്ള വാർത്തയാണ് പുറത്തുവരുന്നതെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ അംഗം കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്. ആറ്, ഏഴ് വർഷക്കാലമായി ആക്ഷൻ കൗൺസിൽ ഇതിനുവേണ്ടി പരിശ്രമിക്കുകയാണ്. ഏറ്റവുമൊടുവിൽ ഞങ്ങൾ തേടിയ ആശ്വാസത്തിൻ്റെ തുരുത്താണ് കാരന്തൂർ മർക്കസ്. കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാറിൻ്റെ ഇടപെടൽ മാത്രമാണ് ഇതു സാധ്യമാക്കിയത്. എന്നാൽ യെമനിൽ ഇതിനെതിരായ ഇടപെടൽ ഇപ്പോഴും നടക്കുന്നുണ്ടെന്നും കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് പറഞ്ഞു. ചാണ്ടി ഉമ്മൻ പറയുന്ന കുറേ പേരുകൾ കഴിഞ്ഞക്കാലങ്ങളിൽ കേൾക്കാത്ത പേരുകളാണ്. എന്നാൽ അത്തരം തർക്കങ്ങളിലേക്കൊന്നും പോകുന്നില്ലെന്നും കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് കൂട്ടിച്ചേർത്തു.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയത് ആശ്വാസകരമായ വാർത്തയാണെന്നായിരുന്നു ചാണ്ടി ഉമ്മൻ എംഎൽഎയുടെ പ്രതികരണം. കാന്തപുരത്തിന് നന്ദിയുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. നീതിക്കായുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് വിജയിക്കാനാകും. വധശിക്ഷ റദ്ദാക്കൻ ഒരുമിച്ച് നിന്ന ഗവർണർക്കും, എംബസിക്കും കൂടെ ഉണ്ടായ എല്ലാവർക്കും നന്ദിയുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയുടെ അവസാന ആഗ്രഹങ്ങളിലൊന്നാണ് സാധ്യമായതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർക്കാണ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. എന്നാൽ ഉടൻ ജയിൽ മോചിതയാകില്ല, ശിക്ഷാ ഇളവിന്റെ കാര്യത്തിൽ ചർച്ച തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം. ദിയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്ന കാര്യത്തിൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലും ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. നയതന്ത്ര ഇടപെടലുകൾ അത്രയൊന്നും സാധ്യമല്ലാത്ത ഒരു രാജ്യമാണ് യെമൻ. അവിടെ ഫലപ്രദമായി ഒരു ചർച്ച നടക്കുകയും അതിന് ഫലം കാണുകയും ചെയ്തുവെന്നകാര്യം ഏറെ ആശ്വാസകരമാണ്.