
വര്‍ഷങ്ങളായിട്ടും നിയമനാംഗീകാരം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അധ്യാപികയുടെ സേവന കാലയളവ് തെറ്റായി രേഖപ്പെടുത്തിയെന്ന് പരാതി. താമരശ്ശേരി കട്ടിപ്പാറ എല്‍പി സ്‌കൂള്‍ അധ്യാപിക അലീനയുടെ പിതാവ് ബെന്നി ലൂക്കയാണ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് ആരോപണം.
2025 ഫെബ്രുവരി 19-നാണ് കട്ടിപ്പാറ എയ്ഡഡ് എല്‍പി സ്‌കൂളിലെ അധ്യാപിക അലീന ബെന്നി, നിയമനത്തിന് അംഗീകാരം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയെന്നായിരുന്നു ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ആക്ഷേപം.
ആറുവര്‍ഷം അധ്യാപികയായി ജോലിചെയ്തിട്ടും അലീനക്ക് നിയമനാംഗീകാരം ലഭിച്ചിരുന്നില്ല. അടുത്തിടെയാണ് വിവരാവകാശ നിയമ പ്രകാരം അലീന എത്ര വര്‍ഷം ജോലി ചെയ്തു എന്നതിന്റെ രേഖ ആവശ്യപ്പെട്ട് പിതാവ് ബെന്നി ലൂക്കോ, സ്‌കൂളില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ നാലു വര്‍ഷം മാത്രമാണ് അലീന ജോലി ചെയ്തത് എന്ന മറുപടിയാണ് ലഭിച്ചത്.
തസ്തികയില്‍ ഒഴിവില്ലാതിരിക്കെ, ഈ വിവരം മറച്ചുവെച്ച്, മാനേജ്‌മെന്റ് നിയമനം നല്‍കിയതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നതോടെ അലീന കടുത്ത മാനസിക സമ്മര്‍ദത്തിലായി.
എന്നാല്‍ അലീനയുടെ മരണത്തില്‍ തങ്ങള്‍ക്ക് ഒരു തരത്തിലുള്ള പങ്കുമില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സ്‌കൂള്‍ മാനേജ്‌മെന്റ്. ഇതിനിടയിലാണ് സേവന കാലയളവ് സംബന്ധിച്ചുള്ള ചോദ്യത്തിന് മാനേജ്‌മെന്റിന്റെ തെറ്റായ മറുപടി ലഭിച്ചത്.