തൃശൂർ: മണ്ണുത്തി കാർഷിക സർവകലാശാലയിലെ സെമസ്റ്റർ ഫീസ് കുത്തനെ ഉയർത്തി. വിദ്യാർഥികളുടെ പ്രതിഷേധത്തെ മറികടന്നു കൊണ്ടാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം. നിലവിലെ നിരക്കിൽ നിന്നും നിയമാനുസൃതമായി അഞ്ച് ശതമാനം മാത്രമെ വർധിപ്പിക്കാവൂ എന്ന ചട്ടം മറികടന്നാണ് അഞ്ച് ഇരട്ടിയിലധികം ഫീസ് വർധന ഉണ്ടായിരിക്കുന്നത്.
കാർഷിക സർവകലാശാലയിലെ സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിനായാണ് സർവകലാശാല വിദ്യാർഥികൾക്കു മുകളിൽ ഭാരം അടിച്ചേൽപ്പിക്കുന്നത്. നിലവിലെ വിദ്യാർഥികളെ ബാധിക്കാതെ അടുത്ത അക്കാദമിക് വർഷം മുതൽ ഫീസ് നിരക്ക് ഉയർത്താനാണ് തീരുമാനം.പിഎച്ച്ഡി വിദ്യാർഥികളുടെ സെമസ്റ്റർ ഫീസ് 18780ൽ നിന്നും 49990 ആയി ഉയർത്തി. പിജി വിദ്യാർഥികളുടേത് 17845ൽ നിന്ന് 49500 ആയും, ഡിഗ്രി വിദ്യാർഥികൾക്ക് 12000ത്തിൽ നിന്ന് 48000വും ആയി ഉയർത്തികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.
വിദ്യാർഥി സമരത്തെ തുടർന്ന് സർവകലാശാല എക്സിക്യൂട്ടീവുമായ ചർച്ച ചെയ്ത മാത്രമേ ഫീസ് വർധിപ്പിക്കൂ എന്ന ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്താതെയാണ് സർവകലാശാലയുടെ ഏകപക്ഷീയ തീരുമാനം. കാർഷിക സർവകലാശാലയിൽ നടക്കുന്നത് തീവെട്ടിക്കൊള്ളയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ന്യൂസ് മലയാളത്തോട് പറഞ്ഞു.