മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന സി.വി. പത്മരാജൻ അന്തരിച്ചു

വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
സി.വി. പത്മരാജൻ
സി.വി. പത്മരാജൻSource: News Malayalam 24x7
Published on

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന സി.വി. പത്മരാജൻ അന്തരിച്ചു. 94 വയസായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മുൻ കെപിസിസി പ്രസിഡൻ്റ്, സംസ്ഥാന മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ പരവൂരിൽ കെ. വേലു വൈദ്യൻ്റേയും തങ്കമ്മയുടെയും മകനായി 1931 ജൂലൈ 22ന് ജനിച്ചു. അഖില തിരുവിതാംകൂർ വിദ്യാർഥി കോൺഗ്രസിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് സജീവമായി. അധ്യാപകനായാണ് ജീവിതം തുടങ്ങിയതെങ്കിലും ബി.എ, ബി.എൽ ബിരുദങ്ങൾ നേടി. 1973 മുതൽ 1979 വരെ കൊല്ലം ജില്ലയിൽ അഭിഭാഷകനായും ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു.

സി.വി. പത്മരാജൻ
കൊല്ലത്ത് നാല് വിദ്യാർഥികൾക്ക് എച്ച്1 എൻ1; ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചു

കെ. കരുണാകരൻ, എ.കെ. ആൻ്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ സൗമ്യവും ശക്തവുമായ മുഖമായിരുന്നു. 1982ൽ ചാത്തന്നൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സി.വി. പത്മരാജൻ, ആദ്യ ഊഴത്തിൽ തന്നെ മന്ത്രിയായി. ധനമന്ത്രിയായിരിക്കെ കേരള നിയമസഭയിൽ മിച്ച ബജറ്റ് അവതരിപ്പിച്ചുവെന്ന അപൂർവ്വ നേട്ടത്തിനും ഉടമയാണ്. കെ. കരുണാകരൻ ചികിത്സയ്ക്കായി വിദേശത്ത് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചുകൊണ്ട് ഭരണമികവും തെളിയിച്ചു. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും കോൺഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ്.

ഇന്ന് തലസ്ഥാനത്ത് തലയുയർത്തി നിൽക്കുന്ന കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ കോൺഗ്രസിന് സ്വന്തമായത് സി.വി. പത്മരാജന്റെ കാലത്താണ്. 1983ൽ മന്ത്രിസ്ഥാനം രാജിവെച്ച് കെപിസിസി അധ്യക്ഷനായ അദ്ദേഹം, നന്ദാവനത്തെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പാർട്ടി ഓഫീസിന് സ്വന്തമായി ഒരിടം കണ്ടെത്താൻ മുന്നിട്ടിറങ്ങി. പ്രവർത്തകരിൽ നിന്ന് പണം പിരിച്ചെടുത്ത് ശാസ്തമംഗലത്തെ 'പുരുഷോത്തമം' എന്ന വീട് വാങ്ങുകയും അത് പാർട്ടിയുടെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com