കാലടിയിലെ വിദ്യാർഥികൾക്ക് തിരിച്ചടി; പരീക്ഷ എഴുതാൻ അനുമതിയില്ല

അപേക്ഷ പോലും നൽകാതെ പരീക്ഷ എഴുതാൻ അനുവദിച്ചു എന്നും കോടതി ചൂണ്ടിക്കാട്ടി.
കാലടിയിലെ വിദ്യാർഥികൾക്ക് തിരിച്ചടി; പരീക്ഷ എഴുതാൻ അനുമതിയില്ല
Published on: 
Updated on: 

എറണാകുളം: കാലടി യൂണിവേഴ്‌സിറ്റിയിലെ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് തിരിച്ചടി. പരീക്ഷാഫീസ് സ്വീകരിച്ച് പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു സർവകലാശാലയ്ക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. ഇത് തെറ്റെന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ നിരീക്ഷണം. ഇതോടെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല. അപേക്ഷ പോലും നൽകാതെ സിംഗിൾ ബെഞ്ച് പരീക്ഷ എഴുതാൻ അനുവദിച്ചു എന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, മുരളി കൃഷ്ണ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് അപ്പീലിൽ വിധി പറഞ്ഞത്.

നാളെ പരീക്ഷ തുടങ്ങാനിരിക്കെയാണ് കോടതിയുടെ നിർണായക വിധി. കോടതി വിധി വന്നതിന് പിന്നാലെ, സംഘവരിവാറിന് മുന്നിൽ കീഴടങ്ങില്ലെന്നും, നിയമപരമായി മുന്നോട്ട് പോകുമെന്നും വിദ്യാർഥികൾ അറിയിച്ചു. കാലടി സർവകലാശാലയിലെ 16 വിദ്യാർഥികളാണ് സമരം ചെയ്തതിൻ്റെ പേരിൽ 60 ദിവസത്തിലധികമായി സസ്‌പെൻഷനിൽ തുടരുന്നത്.

കാലടിയിലെ വിദ്യാർഥികൾക്ക് തിരിച്ചടി; പരീക്ഷ എഴുതാൻ അനുമതിയില്ല
മാപ്പെഴുതി കൊടുത്താലേ 12 പേരെ തിരിച്ചെടുക്കൂ,നാല് പേരുടെ സസ്പെൻഷൻ തുടരും; വഴങ്ങാതെ എസ്എഫ്ഐ

ഇതിൽ ശ്യംജിത്ത്, ശ്രദ്ധ, അഭിജിത്ത് കെ.വി, അർച്ചന എന്നിവർ സസ്പെൻഷൻ കാലയളവിൽ കോളേജിൽ കയറിയതിനാൽ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് സർവകലാശാല അറിയിച്ചിരുന്നു. 12പേർ മാപ്പെഴുതി നൽകിയാൽ മാത്രം യൂണിവേഴ്സിറ്റിയിൽ പ്രവേശിപ്പിക്കാമെന്നും അധികൃതർ അറിയിച്ചിരുന്നു. മാപ്പ് എഴുതി നൽകുന്നത് ആർഎസ്എസിൻ്റെ രീതിയാണെന്നും, അതിന് എസ്എഫ്ഐയെ കിട്ടില്ലെന്നും പറഞ്ഞുകൊണ്ട് പ്രവർത്തകർ കഴിഞ്ഞ ദിവസം മുതൽ നിരാഹരസമരം ആരംഭിച്ചിരുന്നു.

യൂണിവേഴ്സിറ്റിയിലെ സമരം അക്രമത്തിലേക്ക് എത്തിയെന്നും വിസിയുടെ പ്രതീകാത്മക ശവ ഘോഷയാത്ര നടത്തിയെന്നുമാണ് അന്വേഷണ സമിതി സിൻഡിക്കറ്റിന് മുന്നിൽ വച്ച റിപ്പോർട്ടിലുള്ളത്. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ആവശ്യമായ ഹാജർ ഇല്ലെന്നും, മതിയായ ഹാജരില്ലാത്തവരെ പരീക്ഷയെഴുതിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു വിസിയുടെ നിലപാട്.