തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന് ഒരു സംഘടനാ ദൗർബല്യവും സംഭവിച്ചിട്ടില്ല എന്ന് ഷാഫി പറമ്പിൽ എംപി. സംഘടന പ്രവർത്തനം ശക്തമാണ്. പുതിയ അധ്യക്ഷൻ്റെ കാര്യത്തിൽ ദേശീയ നേതൃത്വം ഉടൻ തീരുമാനമെടുക്കുമെന്നും ഷാഫി പറമ്പിൽ എംപി ന്യൂസ് മലയാളത്തോട് പറഞ്ഞു.
അതേസമയം, സംഘടനയ്ക്കുള്ളിൽ ചർച്ച നടത്താതെ അധ്യക്ഷനെ തീരുമാനിക്കരുതെന്ന ആവശ്യം യൂത്ത് കോൺഗ്രസിനുള്ളിൽ ശക്തമാകുകയാണ്. ഓണാഘോഷം കഴിഞ്ഞാൽ നിയമസഭ തുടങ്ങാനിരിക്കെയാണ് ചർച്ചകൾ സജീവമാകുന്നത്. രാഷ്ട്രീയപോര് കനക്കുന്ന കാഴ്ചയ്ക്ക് ആയിരിക്കും നിയമസഭ സാക്ഷ്യം വഹിക്കുക. സർക്കാരിനെതിരെ സഭയ്ക്ക് പുറത്ത് പ്രതിഷേധം നയിക്കേണ്ട യൂത്ത് കോൺഗ്രസ് പക്ഷേ പൂർണമായും നിശ്ചലമായ അവസ്ഥയിലാണ്. ആരു നയിക്കും എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നുവരുന്നത്.
സംസ്ഥാന അധ്യക്ഷൻ്റെ താൽക്കാലിക ചുമതല പോലും ആരെയെങ്കിലും ഏല്പിക്കാൻ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പുതിയ അധ്യക്ഷനെ കണ്ടെത്താൻ ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് നിൽക്കുമ്പോൾ യൂത്ത് കോൺഗ്രസ് ഭാരവാഹികളോട് ആലോചിക്കാതെ തീരുമാനിച്ചാൽ, അത്തരം നിലപാട് അംഗീകരിക്കേണ്ടത് ഇല്ലെന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നതെന്നും റിപ്പോർട്ടുണ്ട്.