പാലക്കാട്: ചാലിശേരിയിൽ പ്രവാസിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ പുറത്ത്. മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദാലിയെ കണ്ണും കയ്യും കെട്ടി വീടിനകത്തു പൂട്ടിയിട്ടതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മർദനത്തിൽ ശരീരമാകെ ചോരയൊലിച്ചാണ് മുഹമ്മദാലിയെ ദൃശ്യങ്ങളിൽ കാണുന്നത്.
ഈ മാസം ആറിനാണ് പ്രവാസിയായ മുഹമ്മദാലിയെ ആറംഗ സംഘം തട്ടിക്കൊണ്ടുപോകുന്നത്. തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപത്തുവച്ചായിരുന്നു സംഭവം. കാർ തടഞ്ഞ് തോക്ക് ചൂണ്ടിയായിരുന്നു സംഘം ഇയാളെ തട്ടിക്കൊണ്ടുപോയത്.
കൂറ്റനാട് ഭാഗത്ത് നിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വ്യവസായിയുടെ വാഹനത്തെ സംഘം തടഞ്ഞു നിർത്തുകയായിരുന്നു. പിന്നാലെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയും ഇന്നോവ കാറിൽ കയറ്റി കടന്നുകളഞ്ഞു.
കേസിൽ ഇതുവരെ എട്ട് പ്രതികൾ പിടിയിലായി. ഒറ്റപ്പാലം വരോട് സ്വദേശികളായ അഭിജിത്ത് , സുദീഷ്, നജീബുദ്ധീൻ. ഷിഫാസ്, ഫൈസൽ, മുസ്തഫ, ഷമീർ, ഷാനു എന്നിവരാണ് അറസ്റ്റിലായത്. ആറംഗ സംഘത്തെ പിടികൂടിയാൽ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് എത്തുമെന്നാണ് പൊലീസിൻ്റെ അനുമാനം.