

എറണാകുളം: കൊച്ചിയില്‍ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ കെ.കെ. ബൈജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതി ബൈജുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. സ്പായില്‍ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് 4 ലക്ഷം തട്ടിയത്.
തട്ടിയെടുത്തതില്‍ 2 ലക്ഷം ബൈജുവിന് ലഭിച്ചതായി പൊലീസ് കണ്ടെത്തി. എന്നാല്‍ സംഭവം വിവാദമായതോടെ എസ് ഐ ഒളിവില്‍ പോയെന്നാണ് വിവരം.
സംഭവത്തില്‍ സ്പാ നടത്തുന്ന യുവതിയടക്കം മൂന്ന് പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്. പിന്നാലെ സ്പാ നടത്തുന്ന യുവതി പൊലീസുകാരനെ വിളിച്ച് തന്റെ മാല നഷ്ടമായെന്നും അത് പൊലീസുകാരന്‍ എടുത്തുകൊണ്ടു പോയതാണെന്നും പറഞ്ഞു.
തുടര്‍ന്ന് എസ് ഐ സിപിഒയെ വിളിച്ച് ഇക്കാര്യം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
അതേസമയം എസ് ഐ ബൈജുവിന്റെ കൂട്ടാളി അറസ്റ്റിലായിട്ടുണ്ട്. കൊച്ചി സ്വദേശി ഷിഹാമാണ് പിടിയിലായത്. ഷിഹാം നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതി. സ്പാ ജീവനക്കാരി രമ്യയും ഒളിവിലാണ്.