

കൊച്ചി: രാജീവ് ഗാന്ധിയെ കൊന്നത് പോലെ ബോംബെറിഞ്ഞ് കേരള മുഖ്യമന്ത്രിയെയും കൊലപ്പെടുത്തണമെന്ന ആഹ്വാനം നടത്തിയ ടീന ജോസ് എന്ന അഡ്വക്കേറ്റ് മേരി തെരേസ പി.ജെക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം.
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് ഇറങ്ങുന്നതിനെ കുറിച്ചുള്ള സെൽറ്റൻ എൽ. ഡിസൂസ എന്ന ആളുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ‘അഡ്വ. മേരി തെരേസ പി.ജെ’ എന്ന പ്രൊഫൈലിൽ നിന്ന് മുഖ്യമന്ത്രിക്കെതിരെ കൊലപാതക ആഹ്വാനം ഉയർന്നത്.
“അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും,” എന്നാണ് പോസ്റ്റിനടിയിൽ ടീന ജോസിൻ്റേതായി വന്ന കമൻ്റ്.
ഈ കമൻ്റ് ഞെട്ടലുളവാക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണ് എന്നും ഇതിനെക്കുറിച്ച് ഫേസ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റിൽ ബിനീഷ് കോടിയേരി പറഞ്ഞു. ‘കന്യാസ്ത്രീയും അഡ്വക്കേറ്റും’ എന്ന് പ്രൊഫൈലിൽ രേഖപ്പെടുത്തിയ ഒരാൾ ഇങ്ങനെയൊരു കമൻ്റ് ഇടുന്നത് അത്യന്തം ഗൗരവതരമാണ് എന്നും ബിനീഷ് കോടിയേരി പറഞ്ഞു. അക്കൗണ്ടിൻ്റെ ആധികാരികതയെ കുറിച്ചും പൊലീസ് അന്വേഷിക്കണമെന്ന് ബിനീഷ് കോടിയേരി ആവശ്യപ്പെട്ടു.
അതേസമയം, ടീന ജോസിനെ 2009ൽ പുറത്താക്കിയതാണെന്നും അന്ന് മുതൽ തിരുവസ്ത്രം ധരിക്കാൻ ടീന ജോസിന് നിയമപരമായി അനുവാദമോ അവകാശമോ ഇല്ലാത്തതാണെന്നും സിഎംസി സന്യാസിനി സമൂഹം വിശദീകരണവുമായെത്തി. ടീന ജോസ് ചെയ്യുന്ന കാര്യങ്ങൾ പൂർണമായും അവരുടെ തീരുമാനത്തിലും ഉത്തരവാദിത്തത്തിലും മാത്രമാണ്. സിഎംസി സന്യാസിനി സമൂഹത്തിന് അതിൽ യാതൊരു പങ്കുമില്ലെന്നും വക്താവ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.