

കൊച്ചി: നടിയെ ആക്രമിക്കുമ്പോൾ ഓടുന്ന വാഹനത്തിൽ ഇരുന്നു പൾസർ സുനി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മി ആരാണെന്ന ചോദ്യവുമായി കോടതി. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പും സംഭവത്തിനു ശേഷവും ശ്രീലക്ഷ്മിയുടെ ഫോണിൽ നിന്ന് സുനിയുടെ ഫോണിലേക്ക് സന്ദേശങ്ങളും വിളികളും വന്നിരുന്നു. ഇവരെ കേസിൽ സാക്ഷിയാക്കുകയോ ഫോണിൻ്റെ വിശദാംശങ്ങൾ ഹാജരാക്കുകയോ ചെയ്യാത്തതെന്തന്നുമാണ് വിചാരണ കോടതിയുടെ ചോദ്യങ്ങൾ. അന്വേഷണ ഉദ്യോഗസ്ഥനുമായി ഈ സ്ത്രീ പിന്നീട് സംസാരിച്ചതായി പ്രോസിക്യൂഷൻ പറയുന്നുണ്ട്. ഒരു മാഡം കൊട്ടേഷൻ തന്നു എന്ന് മൊഴിയുള്ള സ്ഥിതിക്ക് ഇവരെക്കുറിച്ച് അന്വേഷിക്കാത്തതിൽ കോടതി സംശയം പ്രകടിപ്പിച്ചു.
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന്‍റെ വീഴ്ചകൾ എണ്ണിപ്പറയുന്നതിനിടെയാണ് നിർണായകമായ ചോദ്യങ്ങൾ കോടതി ഉന്നയിച്ചത്. ദിലീപടക്കമുള്ള പ്രതികൾക്കെതിരായ ആരോപണങ്ങൾക്കുമപ്പുറത്ത് വിശ്യാസ യോഗ്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് വിമർശനം. നടിയെ ആക്രമിച്ച കേസിൽ ആറുപ്രതികളെ ശിക്ഷിക്കുകയും നടൻ ദിലീപടക്കം നാലുപേരെ വെറുതെവിടുകയും ചെയ്ത വിധിന്യായത്തിലാണ് കോടതി പ്രോസിക്യൂഷൻ വീഴ്ചകൾ വിശദീകരിക്കുന്നത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി വിശ്വാസ യോഗ്യമല്ല എന്നുതന്നെയാണ് വിധി ന്യായത്തിലുള്ളത്. സ്ത്രീ ക്വട്ടേഷനെന്നാണ് കൃത്യം നടക്കുമ്പോൾ ഒന്നാം പ്രതി പൾസർ സുനി നടിയോട് പറഞ്ഞത്. ഇങ്ങനെയൊരു സ്ത്രീയുണ്ടോ, ഇല്ലെങ്കിൽ എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ മറുപടി നൽകാൻ പ്രോസിക്യൂഷന് ആയില്ലെന്നും കോടതി വ്യക്തമാക്കി.
ദീലിപും പൾസർ സുനിയും വളരെ രഹസ്യമായിട്ടാണ് ക്വട്ടേഷൻ ഗൂഡാലോചന നടത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം. തങ്ങൾ തമ്മിലുളള ബന്ധം പുറത്തറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. എന്നാൽ പൾസർ സുനിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന ദിലീപിനെ ആലുവയിലെ വീട്ടിൽവെച്ച് കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി. അവിടെനിന്ന് പണവും വാങ്ങിപ്പോകുന്ന പൾസർ സുനിയെ കണ്ടെന്നും മൊഴിയിലുണ്ടായിരുന്നു. ഇരുവരും തമ്മിലുളള ബന്ധം പരമ രഹസ്യമായിരുന്നെന്നാരോപിക്കുന്ന പ്രോസിക്യൂഷൻ തന്നെയാണ് ദിലീപിന്‍റെ വീട്ടിൽ വെച്ച് പൾസർ സുനിയെ കണ്ടതെന്ന ബാലചന്ദ്രകുമാറിന്‍റെ മൊഴിയും അവതരിപ്പിച്ചിരിക്കുന്നത്. ഇതെങ്ങനെ ഒത്തുപോകുമെന്നാണ് കോടതി ചോദിച്ചു.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളും മൊബൈലും ഫോണും സൂക്ഷിക്കാൻ ദിലീപും കാവ്യാ മാധവനും ചേർന്ന് ബാങ്ക് ലോക്കർ എടുത്തെന്ന പ്രോസിക്യൂഷൻ ആരോപണവും കോടതി തളളിക്കളഞ്ഞു. വെറുമൊരു ആരോപണത്തിനുമപ്പുറത്ത് തെളിവിന്‍റെ തരിമ്പ് പോലുമില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. എന്നാൽ പൾസർ സുനി പറഞ്ഞ മാഡത്തെപ്പറ്റി അന്വേഷിച്ചതാണെന്നും അതിൽ യാതൊരു വസ്തുതയുമില്ലെന്ന് ബോധ്യപ്പെട്ടിരുന്നെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. വിചാരണ കോടതി എത്തിച്ചേർന്ന കണ്ടെത്തലുകൾ ശരിയല്ലെന്ന് ഹൈക്കോടതിയിലെ അപ്പീലിൽ കൃത്യമായി ധരിപ്പിക്കുമെന്നും പ്രൊസിക്യൂഷൻ അറിയിച്ചു.