

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്റ്റർ തകർന്നുവീണ് ആറ് മരണം. ബദരീനാഥിൽ നിന്ന് ഫാറ്റയിലേക്ക് പറന്ന ഹെലികോപ്റ്ററാണ് തകർന്നു വീണത്. പൈലറ്റ് ഉൾപ്പെടെ ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ കർണാടക പൊലീസിലെ ഉദ്യോഗസ്ഥനുമുണ്ട്. സെൻട്രൽ ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ അരുൺ സോളങ്കി ആണ് മരിച്ചത്. എച്ച്.എസ്. നടരാജ, പ്രതാപ് ഗൗഡ, അഡ്വക്കേറ്റ് സുധീപ്, ശങ്കർ ഗൗഡ എന്നിവരാണ് അപകടത്തിൽപ്പെട്ട മറ്റുള്ളവർ. ചാർധം യാത്രയ്ക്കായി പോയ സുഹൃത്തുക്കളാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്ററിന്‍റെ പൈലറ്റ് ദില്ലി സ്വദേശി ഹിമാൻഷു സബർബാളും മരിച്ചു.
ഹെലികോപ്റ്റർ കാണാതായി എന്നാണ് ആദ്യം പുറത്തുവന്ന വിവരം. ഹെലികോപ്റ്റർ തകർന്ന് വീണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. മേഖലയിൽ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സേനയെ വിന്യസിച്ചിരുന്നു. ഉച്ചയ്ക്ക് 1:14ഓടെ ബദരീനാഥിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററുമായുള്ള ബന്ധം മഞ്ഞുവീഴ്ചയ്ക്കിടെ ഹാത്തി പർവത പ്രദേശത്തിന് സമീപത്തു വച്ചാണ് നഷ്ടമായത്.
ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ വിടി-എച്ച്സിഎക്സ് ഹെലികോപ്റ്റർ ആണ് തകർന്നത്. ജോഷിമഠ് താഴ്‌വരയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ട്രാക്കിംഗ് സിസ്റ്റത്തിന് ഹെലികോപ്റ്റർ ട്രാക്ക് ചെയ്യാനും സാധിക്കാതെയായെന്ന് ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റി പ്രസ്താവനയിൽ പറയുന്നു. ജോഷിമഠിന് സമീപമുള്ള ചായീ ഗ്രാമത്തിന് അടുത്ത് ഹെലികോപ്റ്റർ തകർന്നു വീണതായി വിവരം ലഭിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മുൻകരുതൽ നടപടിയെന്ന നിലയിൽ ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ എല്ലാ ഹെലികോപ്റ്ററുകളുടെയും സർവീസ് താൽക്കാലികമായി നിർത്തിവച്ചു. പ്രതാപ, അരുൺ, ശങ്കർ ഗൗഡ, സുധീർ കെ, എച്ച് എസ് നടരാജ, പൈലറ്റ് ക്യാപ്റ്റൻ ഹിമാൻഷു എന്നിവരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇവർ ബെംഗളൂരു സ്വദേശികളാണെന്നാണ് വിവരം.