

തിരുവന്തപുരം: മുഖ്യമന്ത്രി പദവി കപ്പിനും ചുണ്ടിനുമിടയില്‍ വഴുതിയെങ്കിലും വി.ഡി. സതീശന്‍ മന്ത്രിസഭയിലെ രണ്ടാമത്തെ പവര്‍ സെന്റര്‍ രമേശ് ചെന്നിത്തലയാണ്. തിരിച്ചടികളില്‍ തളരാതെ, നിശ്ചയദാര്‍ഢ്യത്തോടെയുള്ള സുദീര്‍ഘ രാഷ്ട്രീയ യാത്രയായിരുന്നു ആര്‍.സിയുടേത്. 2021-ലെ തിരിച്ചടിയില്‍ പലരും വിധി എഴുതി, 'ചെന്നിത്തല യുഗം അവസാനിച്ചു' എന്ന്. എന്നാല്‍ ഓരോ വീഴ്ചയെയും തന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള കരുത്താക്കി മാറ്റിയ രമേശ് ചെന്നിത്തലക്ക് കേരളത്തിന്റെ ആഭ്യന്തര മന്ത്രി പദവിയില്‍ ഇത് രണ്ടാമൂഴം.
മാവേലിക്കരയുടെ മണ്ണില്‍ നിന്ന്, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി തുടങ്ങിയ രാഷ്ട്രീയ പോരാട്ടം. 1982-ല്‍ ദേശീയ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ നെറുകയിലെത്തി. ലീഡറുടെ തണലിലായിരുന്നു രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ വ്യക്തിത്വം പക്വമായത്. ഇരുപത്തിയെട്ടാം വയസ്സില്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോര്‍ഡ് ഇന്നും രമേശ് ചെന്നിത്തലയുടെ പേരില്‍ ഭദ്രം. 1987-ല്‍ ഹരിപ്പാട് നിന്ന് വീണ്ടും നിയമസഭയിലെത്തി എങ്കിലും 89-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് ജയിച്ചപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവച്ചു.
രാജ്യത്ത് കോണ്‍ഗ്രസ് ഏറ്റവും കരുത്തുള്ള ദേശീയ പാര്‍ട്ടിയായി കത്തിജ്വലിച്ചുനിന്ന എണ്‍പതുകളുടെ അവസാന പാദത്തില്‍ അങ്ങനെ വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക്. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷനായും എഐസിസി സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനായി മാറി.
മൂന്ന് തവണ കോട്ടയത്തെയും ഒരു തവണ മാവേലിക്കരയെയും പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തി. 2004-ല്‍ മാവേലിക്കരയില്‍ നേരിട്ട പരാജയം ചെന്നിത്തലയെ തളര്‍ത്തിയില്ല. പകരം കേരള രാഷ്ട്രീയത്തിലേക്ക് കരുത്തോടെ മടങ്ങിവരാനുള്ള നിമിത്തമായി അത് മാറി. 2005 മുതല്‍ ഒന്‍പത് വര്‍ഷം നീണ്ട കെപിസിസി അധ്യക്ഷ പദവി. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ കടലാക്രമണങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിനെ താഴെത്തട്ടില്‍ അടിത്തറയുള്ള പ്രസ്ഥാനമാക്കി മാറ്റാന്‍ ചെന്നിത്തലയ്ക്കായി.
താക്കോല്‍ സ്ഥാന വിവാദത്തെ തുടര്‍ന്ന് ആദ്യം മാറിനിന്നെങ്കിലും പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായി പദവിയേറ്റു. ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായം കഴിഞ്ഞ പത്ത് വര്‍ഷമാകും. പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹം ഉയര്‍ത്തിയ ഓരോ ആരോപണവും കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. പിണറായി സര്‍ക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കിയ ചെന്നിത്തല, വി.ഡി. സതീശന് വഴിയൊഴിഞ്ഞു കൊടുത്തപ്പോഴും വിശ്രമിച്ചില്ല. ഒരു സാധാരണ എംഎല്‍എയായി ഇരുന്നുകൊണ്ടും അദ്ദേഹം കരുത്തുറ്റ പ്രതിപക്ഷ പ്രവര്‍ത്തനം തുടര്‍ന്നു.
ഒടുവിലിതാ, മുഖ്യമന്ത്രി പദവിക്കായുള്ള സിഎം റെയ്‌സില്‍ പിന്നിലായിപ്പോയെങ്കിലും, രണ്ടാമൂഴക്കാരന്റെ നഷ്ടദുഃഖങ്ങളിലല്ല ചെന്നിത്തലയുടെ രാഷ്ട്രീയയാത്ര വന്നെത്തി നില്‍ക്കുന്നത്. മുമ്പ് കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര മന്ത്രിപദവിയില്‍ വീണ്ടുമെത്തുമ്പോള്‍ രാഷ്ട്രീയമായി കൂടുതല്‍ പ്രസക്തനാണ് രമേശ് ചെന്നിത്തല. യുഡിഎഫ് നേടിയ വലിയ വിജയത്തില്‍ രമേശ് ചെന്നിത്തലയുടെ പങ്കും നിസ്തുലമായിരുന്നു.
മാവേലിക്കരയുടെയും ഹരിപ്പാടിന്റെയും ഹൃദയമിടിപ്പറിയുന്ന നേതാവ്. രാമകൃഷ്ണന്‍ നായരുടെയും ദേവകി അമ്മയുടെയും മകന്‍. പഠനകാലത്ത് ഹിന്ദി വിശാരദും നിയമബിരുദധാരിയുമായ ഈ നിയമസഭാ പണ്ഡിതന് കരുത്തായി ഭാര്യ അനിതയും മക്കളായ രോഹിത്തും രമിത്തും ഒപ്പമുണ്ട്.
ആറാം തവണയും ഹരിപ്പാട് നല്‍കിയ സ്‌നേഹവിശ്വാസവുമായി രമേശ് ചെന്നിത്തല കേരളത്തിന്റെ ക്രമസമാധാനം നിയന്ത്രിക്കാനൊരുങ്ങുമ്പോള്‍ ഒന്നുറപ്പിക്കാം. ചെന്നിത്തല യുഗം അവസാനിക്കുകയല്ല, അത് പുതിയൊരു വേഗത്തില്‍ തുടങ്ങുകയാണ്.