കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് എസ്എൻഡിപി അനുകൂല സംഘടനകൾ. ശ്രീനാരായണ സേവാസംഘം, ശ്രീനാരായണ സഹോദര ധർമ്മവേദി, എസ്എൻഡിപി സംരക്ഷണ സമിതി, ശ്രീനാരായണ ധർമ്മോദ്ധാരണ സമിതി, എസ്എൻഡിപി യോഗം - എസ്എൻ ട്രസ്റ്റ് എന്നീ സംഘടനകൾ സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
എസ്എൻഡിപി യോഗത്തിന്റെ ലക്ഷ്യം സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഏതെങ്കിലും സമുദായങ്ങളോ മത വിഭാഗങ്ങളോ തമ്മിൽ വിദ്വേഷം ഉണ്ടാകുന്ന നടപടികൾ കേരളത്തിന് യോജിച്ചതല്ല. വെള്ളാപ്പള്ളിയുടെ ശൈലികൾ കേരള സമൂഹത്തെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. സമുദായത്തിന്റെ നേതാവായിരുന്നിട്ട് എന്ത് നേടി എന്ന് പറയാൻ വെള്ളാപ്പള്ളിക്ക് ആകുന്നില്ലെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെ കരിയോയിൽ ഒഴിക്കണം എന്ന് പറഞ്ഞതിൽ പ്രതിഷേധം നടത്തണമെന്ന് യൂണിറ്റുകളോട് ആവശ്യപ്പെട്ടു. മലപ്പുറത്തുള്ള ഒമ്പത് യൂണിറ്റുകളിൽ പോലും ആരും ഇറങ്ങിയില്ല. വെള്ളാപ്പള്ളി വൃത്തികെട്ടവൻ ആണെന്ന് അവിടെയുള്ള യൂണിറ്റ് അംഗങ്ങൾക്ക് തന്നെ അറിയാം. വെള്ളാപ്പള്ളി ബാറുകൾക്ക് അപേക്ഷ കൊടുക്കുന്നിടത്ത് കിട്ടുന്നുണ്ട്. അല്ലാതെ ഒരിടത്ത് പോലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും സംഘടനാ പ്രതിനിധികൾ കുറ്റപ്പെടുത്തി.
വെള്ളാപ്പള്ളിയും അനുചരന്മാമാരും കുടുംബവും ശ്രമിക്കുന്നത് അവരുടെ നേട്ടത്തിന്. നടേശൻ എസ്എൻഡിപി യോഗത്തിൽ അയോഗ്യനായ ആളാണ്. കാലാവധി കഴിഞ്ഞിട്ടും സ്ഥാനത്ത് തുടരുന്നു. എല്ലാം അംഗങ്ങൾക്കും വോട്ടവകാശം നൽകിയ ഹൈകോടതി വിധി അട്ടിമറിച്ചു. ആറ് വർഷമായി ജനറൽ ബോഡി കൂടുന്നില്ല. നിയമപ്രകാരം ഭരണാസമിതി ഇല്ലാത്ത ഒരു സംഘടനയായി മാറി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എം. കെ. സാനു മാസ്റ്റർ 2017-ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെന്നും പ്രതിനിധികൾ പറഞ്ഞു.
തട്ടിപ്പുകാരൻ, മോഷ്ടാവും ഒക്കെയായ ഒരാളെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് തെറ്റാണ് അത് തിരുത്തണം. രാഷ്ട്രീയ ആവശ്യത്തിന്, വർഗീയമായ ചേരിതിരിവ് ഉണ്ടാക്കാൻ ആണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്.ചോദ്യം ചെയുന്ന പത്രക്കാരെ തല്ലാൻ പോകുന്നു. പത്രപ്രവർത്തകനെ തീവ്രവാദി എന്ന് വിളിക്കുന്നു. ആ വിഷപാമ്പിനെ മുഖ്യമന്ത്രി കഴുത്തിൽ ചുറ്റി നടക്കുന്നു. വെള്ളാപ്പള്ളി നടേശന്റെ ഇൻകം ടാക്സ് റിട്ടേൺസ് പ്രസിദ്ധീകരിക്കണം. വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.