വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റുകൾ നേടുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വയനാട്ടിൽ നടന്ന നേതൃക്യാമ്പിലാണ് ഇക്കാര്യം പറഞ്ഞത്. വെറും യുഡിഎഫ് അല്ല ടീം യുഡിഎഫ് എന്ന് വിശേഷിപ്പിച്ച സതീശൻ നേതാക്കന്മാരുടെ ഒരു ഗാലറി തന്നെ ഉണ്ട് കോൺഗ്രസിനെന്നും, മുഖ്യമന്ത്രിയാകാൻ നിരവധിപേർ യോഗ്യരാണെന്നും പറഞ്ഞു.
എൽഡിഎഫ് പരാജയപ്പെട്ടിടത്ത് യുഡിഎഫ് പദ്ധതികൾ കൊണ്ടുവന്ന് നടപ്പാക്കും. യുഡിഎഫ് ആണ് യഥാർഥ ഇടതുപക്ഷം. തെരഞ്ഞെടുപ്പിന് മുൻപ് വിസ്മയങ്ങൾ ഉണ്ടാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇല്ലാതിരുന്നവർ ഇപ്പോൾ യുഡിഎഫിനൊപ്പമാണ്. എൽഡിഎഫിൽ നിന്നും ബിജെപിയിൽ നിന്നുമെല്ലാം ആളുകൾ കോൺഗ്രസിലെത്തിച്ചേരുമെന്നും ഒരു അപസ്വരവും ഉണ്ടാകില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
സംസ്ഥാന നിയമസഭയിലേക്ക് 140 മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളാണ് സുനിൽ കനഗോലുവിൻ്റെ നേതൃത്വത്തിൽ വിശദമായി പരിശോധിച്ച് വയനാട് കൽപ്പറ്റയിൽ ചേർന്ന കോൺഗ്രസിൻ്റെ ലീഡേഴ്‌സ് മീറ്റിൽ സമർപ്പിച്ചത്. 85 സീറ്റ് നേടി യുഡിഎഫിന് അധികാരത്തിലെത്താമെന്ന പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. മലപ്പുറം, വയനാട്, പത്തനംതിട്ട ജില്ലകൾ തൂത്തുവാരുമെന്നും ഇടത് കോട്ടയായ കോഴിക്കോടും കൊല്ലത്തുമടക്കം വൻ മുന്നേറ്റം നടത്താമെന്നുമാണ് കോൺഗ്രസ് ക്യാമ്പിലെ കണക്കുകൂട്ടൽ.
തിരുവനന്തപുരം 4
കൊല്ലം 6
പത്തനംതിട്ട 5
ആലപ്പുഴ 4
കോട്ടയം 5
ഇടുക്കി 4
എറണാകുളം 12
തൃശൂർ 6
പാലക്കാട് 5
മലപ്പുറം 16
വയനാട് 3
കോഴിക്കോട് 8
കണ്ണൂരിൽ 4
കാസർകോട് 3
ഇങ്ങനെയാണ് ജില്ലകൾ തിരിച്ച് കോൺഗ്രസിൻ്റെ വിജയ പ്രതീക്ഷ.