

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയെന്ന കേസിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. ഇവർക്കെതിരെ ബിഎൻഎസ് 333 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്റ്റേഷനുള്ളിൽ അതിക്രമിച്ചു കയറിയതിനാണ് നടപടി. ശ്രീനാദേവിക്ക് പുറമെ അബിൻ ശിവദാസ്, നസ്മൽ, ഫെന്നി നൈനാൻ എന്നിവരും പ്രതികളാണ്. ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ശ്രീനാദേവിയുടെ പരാതിയില്‍ രാജന്‍ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഘര്‍ഷവും അക്രമവും അരങ്ങേറിയത്. സംഭവത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പൂർണമായി പുറത്തുവന്നതോടെയാണ് പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നിരിക്കുന്നത്.
ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് യൂട്യൂബര്‍ രാജന്‍ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത രാജന്‍ ജോസഫിനെ അടൂര്‍ സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.