എറണാകുളം: മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ ട്വൻ്റി 20 സംസ്ഥാന പ്രസിഡൻ്റ് സാബു എം ജേക്കബ് മാപ്പ് പറയണമെന്ന് പി.വി. ശ്രീനിജിൻ എംഎൽഎ. മുഖ്യമന്ത്രിക്കെതിരായ പരാമർശം പിൻവലിക്കണമെന്നും എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
കേരളത്തിൻ്റെ ബഹുമാന്യനായ മുഖ്യമന്ത്രി
ശ്രീ പിണറായി വിജയനേയും ,
ശ്രീ വെള്ളാപ്പള്ളി നടേശനേയും ,
ശ്രീ ജി സുകുമാരൻ നായരേയും അധിക്ഷേപിച്ച സാബു ജേക്കബ്ബ് പരസ്യമായ് മാപ്പ് പറഞ്ഞ് പ്രസ്താവന പിൻവലിക്കണം
പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദിയെന്നായിരുന്നു സാബു ജേക്കബിൻ്റെ പരാമർശം. വെങ്ങോല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സാബു ജേക്കബ്. കഴിഞ്ഞ തവണ ന്യൂനപക്ഷ പ്രീണനം നടത്തിയ മുഖ്യമന്ത്രി അതിന്റെ ഭാഗമായി ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചു. ഇത്തവണ ഭൂരിപക്ഷ പ്രീണനം നടത്താന്‍ ആഗോള അയ്യപ്പ സംഗമം നടത്തി. സ്വർണക്കടത്തിന്റെയും മാസപ്പടിയുടെയും ഹവാലയുടെയും പേരില്‍ പിണറായി വിജയനും കുടുംബാംഗങ്ങളും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റഡാറിലാണെന്നും സാബു ജേക്കബ് പറഞ്ഞു.